Loading ...

Home Kerala

ഓണ്‍ലൈന്‍ വ്യാപാര സ്‌ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ്​; മുന്നറിയിപ്പുമായി പൊലീസ്

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റൂറല്‍ ജില്ല പൊലീസ്. 'ഓണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയതിന് നന്ദി, നിങ്ങള്‍ക്ക് സമാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍ '...... ഇങ്ങനെ തുടങ്ങുന്ന ഒരു സന്ദേശം നിങ്ങള്‍ക്ക് വന്നാല്‍ ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലുള്ള തുക മുഴുവന്‍ തൂത്തു പെറുക്കി കൊണ്ടുപോകുമെന്ന് റൂറല്‍ ജില്ല പൊലീസ് ഓര്‍മിപ്പിക്കുന്നു.

തട്ടിപ്പിന്‍റെ പുതിയ മുഖമാണിത്. പേരുകേട്ട ഓണ്‍ലൈന്‍ വ്യാപാര സ്‌ഥാപനങ്ങളുടെ പേരിലാണ് ഇത്തരം സന്ദേശങ്ങള്‍ വരുന്നത്. ഈ സ്‌ഥാപനങ്ങളില്‍ നിന്ന് മുമ്ബ് എന്തെങ്കിലും ഓണ്‍ലൈനായി നിങ്ങള്‍ വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവര്‍ സമ്മാനമായി തരുന്നത് കാര്‍, ബൈക്ക്, ഗൃഹോപകരണങ്ങള്‍ ... അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്.. അവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്ബറോ, ഇ-മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും.ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച്‌ അവര്‍ വിണ്ടും വിളിക്കും. വലയില്‍ വീണാല്‍ അക്കൗണ്ട് നമ്ബറും, പാസ്​വേഡും, മൊബൈലില്‍ വന്ന ഒ.ടി.പി നമ്ബറും കൈമാറുകയാണ് അടുത്ത നടപടി. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിനുള്ള നികുതി, മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്‍ ജി.എസ്.ടി തുക അങ്ങനെ അവരുടെ മോഹവലയത്തില്‍ കുടുങ്ങി പണം പോയവരുടെ നിരവധി പരാതികള്‍ റൂറല്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

യഥാര്‍ഥ കമ്പനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. പലപ്പോഴും ഫോണ്‍ വിളിക്കുന്ന രണ്ടു പേര്‍ മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാല്‍ പണം പോയതിന് ശേഷമാണ് പുറം ലോകം അറിയുക. പരാതിയുമായി എത്തുമ്ബോള്‍ തട്ടിപ്പുകാര്‍ അവരുടെ മൊബൈല്‍, അക്കൗണ്ട് നമ്ബറുകള്‍ മാറ്റിയിട്ടുണ്ടാകും.ഛണ്ഡീഗഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ അതിര്‍ത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം ഓഫിസുകള്‍ ഒന്നുമില്ല. ഒരു മൊബൈലും ലാപ്​ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ മുടക്കുമുതല്‍. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക എളുപ്പവുമല്ല.

ഇത്തരം സ്‌ഥാപനങ്ങളുടെ പേരില്‍ സ്ക്രാച്ച്‌ ആന്‍ഡ്​ വിന്‍ കാര്‍ഡ് അയച്ചു നല്‍കി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ചുരണ്ടി നോക്കി അതില്‍ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക. കാര്‍ഡുകളില്‍ വമ്ബന്‍ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കരസ്‌ഥമാക്കാന്‍ കാശ് കളയുന്നവരും നിരവധിയാണ്.കോവിഡ് കാലത്ത് രണ്ട് ശതമാനം മുതല്‍ പലിശനിരക്കില്‍ ലോണ്‍ തരാമെന്ന് പറഞ്ഞ് ഒാണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിന്‍റെ കെണിയില്‍പ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.

Related News