Loading ...

Home National

ആദായ നികുതിയില്‍ അഞ്ച് ശതമാനം ഇളവ്

ന്യൂഡല്‍ഹി: 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ അഞ്ച് ശതമാനത്തിന്‍െറ ഇളവ് പ്രഖ്യാപിച്ചു. നിലവില്‍ പത്ത് ശതമാനമായിരുന്നു നികുതി. റിബേറ്റ് കൂടി കണക്കാക്കുന്നതോടെ മൂന്നുലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതി ഒടുക്കേണ്ടി വരില്ളെന്നതാണ് ഇതുമൂലമുള്ള നേട്ടം.
നിലവില്‍ 2.5 മുതല്‍ മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5,000 രൂപയാണ് നികുതി ബാധ്യത. ഇത് അഞ്ച് ശതമാനമായി കുറച്ചതോടെ 2,500 രൂപയായി കുറഞ്ഞു. ഇതോടൊപ്പം 2,500 രൂപയുടെ റിബേറ്റുകൂടി ചേരുന്നതോടെ ഇത്തരക്കാര്‍ നികുതിയില്‍നിന്ന് പൂര്‍ണമായും മുക്തമാകും. സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ ഇളവിന് അര്‍ഹരായവര്‍ 4.5 ലക്ഷം രൂപവരെ നികുതി നല്‍കേണ്ടതില്ല. 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി ബാധ്യത 25,000 രൂപയില്‍നിന്ന് 12,500 രൂപയായി കുറയും.
അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ അഞ്ച് ശതമാനം നികുതിയിളവ് ലഭിക്കും. അതിന് മുകളില്‍ വരുന്ന തുകക്ക് നിലവിലെ സ്ളാബ് പ്രകാരം നികുതി അടക്കണം.  അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപവരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഇതനുസരിച്ച്, അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന മൊത്തം നികുതിയിളവ് 12,500 രൂപയാണ്.
എന്നാല്‍, 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവരില്‍നിന്ന് 10 ശതമാനം സര്‍ചാര്‍ജ് ഈടാക്കും. ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് ഈടാക്കുന്ന സര്‍ചാര്‍ജ് 15 ശതമാനമായി തുടരും. ഇതുവഴി 2,700 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നികുതിയിളവ് അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് 15,500 കോടിയുടെ ബാധ്യതയാണ് വരുക.
അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഒറ്റപ്പേജുള്ള  ലളിതമായ ഫോറമായിരിക്കും ഇനിയുണ്ടാവുക. കൂടാതെ ആദ്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയില്ല. ഇത്തരം നികുതി ദായകരെ കുറിച്ച് ആദായ നികുതി വകുപ്പിന് പ്രത്യേക നിര്‍ദേശം ലഭിച്ചില്ളെങ്കില്‍ മാത്രമായിരിക്കും നടപടികള്‍ ഉദാരമാക്കുക.

Related News