Loading ...

Home National

അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും സമാജ്വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു

ലക്നൗ• പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച്‌ പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാം ഗോപാല്‍ യാദവിനെയും സമാജ്വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തനിക്കുപിന്നില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരെയും അണിനിരത്തി അഖിലേഷ് കരുത്തു തെളിയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. എംഎല്‍എമാരുടെ യോഗത്തിനു ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായി അമര്‍ സിങ്ങിനെ പുറത്താക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം.പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസം ഖാന്‍ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളും സമാജ്വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ സമാജ്‍വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ 194 എംഎല്‍എമാര്‍ പങ്കെടുത്തു. ഇവര്‍ അഖിലേഷിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് ആകെ 229 എംഎല്‍എമാരാണുള്ളത്.അഖിലേഷ് യാദവിന്റെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് എംഎല്‍എമാര്‍ അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്. മുലായം സിങ് യാദവും ഇന്നു പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും ഇതില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവിനെയും സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് അറിയിച്ചത്. ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്.

Related News