Loading ...

Home youth

വിമാനപ്പടങ്ങളെ പ്രണയിച്ച ബാല്യം; പറന്നുയർന്ന പ്രതിഭ

അപൂർവപ്രതിഭയുടെ അപൂർവജീവിതം – അതായിരുന്നു എ.പി.ജെ. അബ്ദുൽ കലാമിന്റേത്. തമിഴ്‌നാട്ടിലെ രാമേശ്വരത്തു ജനിച്ച്, കടലിരമ്പം പോലെ ചിന്തകളുമായി വളർന്നയാൾ. തന്റെ ജീവിതം മാറ്റിമറിച്ച ബാല്യ, കൗമാര അനുഭവങ്ങളെക്കുറിച്ച് ‘റിഇഗ്നൈറ്റഡ്: സയന്റിഫിക് പാത്ത്‌വേയ്‌സ് ടു എ ബ്രൈറ്റർ ഫ്യൂച്ചർ’ എന്ന പുതിയ പുസ്തകത്തിൽ കലാം ഗൃഹാതുരതയോടെ വിവരിക്കുന്നുണ്ട്. തന്റെ മുൻ ശാസ്‌ത്ര ഉപദേശകൻ ശ്രീജൻ പാൽ സിങ്ങുമായി ചേർന്നാണു കലാം ഈ പുസ്‌തകമെഴുതിയത്.ശാസ്ത്രസാധ്യതകളുടെ അനന്തപ്രപഞ്ചത്തിലേക്കു കുതിച്ചുയരാൻ തനിക്കു ദിശാബോധം നൽകിയവരിൽ കലാം എന്നും ആദരവോടെ ഓർമിച്ചിരുന്ന പേര് ശിവസുബ്രഹ്‌മണ്യ അയ്യർ എന്ന അധ്യാപകന്റേതായിരുന്നു. പത്താം വയസ്സിൽ, അയ്യർസാറിന്റെ വിദ്യാർഥികളിലൊരുവനായി രാമേശ്വരം കടൽത്തീരത്തു നിന്ന നിമിഷങ്ങൾ അദ്ദേഹം എന്നും ഹൃദ്യമായ ഓർമയായി സൂക്ഷിച്ചു.കടൽത്തീരത്തു പറന്നുയരുന്ന പക്ഷികളെ ചൂണ്ടിക്കാട്ടി അന്ന് അയ്യർസാർ വിവരിച്ചത് പക്ഷിപ്പറക്കലിന്റെ ശാസ്‌ത്രരഹസ്യമാണ്. കടലിരമ്പത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യർസാറിന്റെ ശബ്ദം കലാമിന്റെ വിമാനക്കമ്പത്തിനു പുതിയ ദിശാബോധം നൽകി. അധ്യാപകന്റെ ആ വാക്കുകളിൽനിന്നു പ്രചോദനമുൾക്കൊണ്ടായിരുന്നു കലാം ഊർജതന്ത്രത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇന്ത്യയ്‌ക്ക് എ.പി.ജെ. അബ്‌ദുൽ കലാം എന്ന പ്രതിഭയെ ലഭിച്ചതിനു നിമിത്തമായ ചരിത്രനിമിഷം!ഊർജതന്ത്രം ആവേശത്തോടെ പഠിച്ച് എയറോനോട്ടിക് എൻജിനീയറിങ് ഐച്‌ഛിക വിഷയമായെടുത്ത് റോക്കറ്റ് എൻജിനീയറും പിന്നീടു ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായിത്തീർന്നു കലാം. ഒടുവിൽ, ഇന്ത്യ ഹൃദയംനിറഞ്ഞു സ്നേഹിച്ച രാഷ്ട്രപതിയുമായി.രണ്ടാം ലോകയുദ്ധകാലത്ത് പോർവിമാനങ്ങളുടെ ചിത്രവുമായി പുറത്തിറങ്ങുന്ന പത്രങ്ങൾ വായിക്കാനായി ആകാംക്ഷയോടെ കാത്തിരുന്ന ബാല്യത്തെക്കുറിച്ചുള്ള ഓർമകളും എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ചേട്ടന്റെ സൈക്കിളുമെടുത്തു പത്രവിതരണത്തിനു പോകുമായിരുന്നു കലാം. പത്രക്കെട്ടെടുക്കാൻ വളരെ നേരത്തേ എത്തി വിമാനപ്പടങ്ങൾ കൺകുളിർക്കെ കണ്ട ശേഷമായിരുന്നു വിതരണത്തിനു പോകാറ്.ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പുകൾക്ക് ഊർജം പകർന്ന കലാമിന്റെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് മാതാപിതാക്കളെക്കുറിച്ചായിരുന്നു. താൻ ജനിച്ചു വളർന്ന വീട്ടിൽ 24 മണിക്കൂറും വൈദ്യുതി നൽകാൻ കഴിയാതിരുന്നതിന്റെ വേദന എന്നും അദ്ദേഹത്തിനു തീരാനൊമ്പരമായി.103 വയസ്സുവരെ ജീവിച്ച പിതാവ് സൈനുലാബുദ്ദീനും 93 വയസ്സുവരെ ജീവിച്ച മാതാവ് ആഷിയമ്മയ്ക്കും വീട്ടിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാൻ തനിക്കു കഴിഞ്ഞില്ല. സൗരോർജത്തിൽനിന്നു വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് രാത്രി വൈകിയും വായിച്ചും പഠിച്ചും കഴിഞ്ഞ ബാല്യം സൂര്യതേജസ്സാർന്ന ഓർമയായി കലാം എന്നും ഉള്ളിൽപ്പേറി.

Related News