Loading ...

Home Business

ടൂറിസം മേഖലയ്ക്ക് 455 കോടി വായ്‌പാ സഹായനിധി

തിരുവനന്തപുരം: കൊവിഡില്‍ കനത്ത പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ ഈടുരഹിത വായ്‌പാ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. 'മുഖ്യമന്ത്രിയുടെ ടൂറിസം സഹായനിധി" എന്നാണ് പദ്ധതിയുടെ പേര്. 355 കോടി രൂപ സംരംഭകര്‍ക്കും 100 കോടി രൂപ തൊഴിലാളികള്‍ക്കുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംരംഭകര്‍ക്ക് ഒരുലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയും തൊഴിലാളികള്‍ക്ക് 20,000-30,000 രൂപയും വായ്‌പ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കും. ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍, ഉടന്‍ ബാങ്കുകളെ സമീപിച്ച്‌ വായ്പ നേടാം. സംസ്ഥാനതല ബാങ്കിംഗ് സമിതിയാണ് വിവിധ ബാങ്കുകള്‍ വഴി വായ്‌പ ലഭ്യമാക്കുന്നത്.

കൊവിഡില്‍ സംസ്ഥാന ടൂറിസത്തിന് നഷ്‌ടം 25,000 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. അഞ്ചുമാസത്തിനിടെ പതിനായിരങ്ങള്‍ പ്രതിസന്ധിയിലായി. വിമാന സര്‍വീസുകളും മുടങ്ങിയതോടെ വരുമാനം പൂജ്യമായി.

പലിശയ്ക്ക് 50% സബ്സിഡി

ചെറുകിട സംരംഭക‌ര്‍ക്ക് ഒരു ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപവരെയും വന്‍കിട സംരംഭക‌ര്‍ക്ക് അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയുമാണ് വായ്‌പ. ഒരു വര്‍ഷത്തെ പലിശയ്ക്ക് 50 ശതമാനം സബ്സിഡിയുണ്ട്. ആദ്യ ആറുമാസം തിരിച്ചടവില്ല. ഇതിനായി 15 കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കും.

തൊഴിലാളികള്‍ക്ക് ₹30,000 വരെ

ടൂറിസം തൊഴിലാളികള്‍ക്ക് 20,000 മുതല്‍ 30,000 രൂപവരെയാണ് വായ്പ. കേരള ബാങ്കില്‍ നിന്ന് 9 ശതമാനം പലിശയ്ക്കാണ് വായ്‌പയെങ്കിലും 6 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 9 കോടി രൂപ വിനിയോഗിക്കും. ഫലത്തില്‍ പലിശ മൂന്നു ശതമാനമാകും. ആദ്യ നാലുമാസം തിരിച്ചടവില്ല.

Related News