Loading ...

Home Kerala

കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം;പിസിആര്‍ ടെസ്റ്റിന് പകരം ഇനി ആന്റിജന്‍ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ചികില്‍സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇനി മുതല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്ബ് ആന്റിജന്‍ പരിശോധന നടത്തും. പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കി. ഇത് രണ്ടാം തവണയാണ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും, പിസിആര്‍ ടെസ്റ്റ് ഫലം ലഭിക്കാനുള്ള കാലതാമസവും പരിഗണിച്ച്‌ ഒരു തവണ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശം നല്‍കി. എന്നാല്‍ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ അധികം ഉയരുന്ന പശ്ചാത്തലത്തില്‍ പിസിആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യത്തെ പത്തുദിവസത്തിന് ശേഷം ആന്‍രിജന്‍ പരിശോധന നടത്താം. ഇത് നെഗറ്റീവ് ആണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ഇയാള്‍ തുടര്‍ന്ന് ഏഴു ദിവസം സമ്ബര്‍ക്ക വിലക്കില്‍, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്ന കാലയളവില്‍ ആളുകള്‍ കൂടുന്ന സ്ഥലത്ത് പോകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കാറ്റഗറി എയില്‍ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്. കാറ്റഗറി ബിയില്‍പ്പെട്ട കടുത്ത ലക്ഷണങ്ങളുള്ള രോഗികളെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും പതിനാലു ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കാം. ഒറ്റതവണ നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നും ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Related News