Loading ...

Home Business

വാഹന നിര്‍മാണ മേഖലയില്‍ സമ്മര്‍ദ്ദം കനക്കുന്നു

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട് നേരിടുന്ന കാലതാമസം ഇന്ത്യന്‍ വാഹന നിര്‍മാണ വ്യവസായ രം​​ഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് ക്ലിയറന്‍സ് ന‌ടപടികള്‍ കര്‍ശനമാക്കിയത് വ്യവസായത്തിന്റെ വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം കൊവിഡിനെ തുടര്‍ന്ന് ഉപഭോ​ഗ രം​ഗത്തുണ്ടായ ഇടിവും വാ​ഹന നിര്‍മാതാക്കള്‍ക്ക് കനത്ത പ്രഹരമായി.ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ണായക ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ ഇറക്കുമതി വൈകുകയാണെന്ന് ഓട്ടോമൊബൈല്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടു. "തുറമുഖങ്ങളില്‍ നേരിടുന്ന ക്ലിയറന്‍സിലെ കാലതാമസം ക്രമേണ ഇന്ത്യയിലെ വാഹന നിര്‍മാണത്തെ ബാധിക്കും. വളര്‍ച്ച പിന്നോട്ട് പോകുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ തടസ്സമുണ്ടാകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, " സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് മാനുവല്‍ പരിശോധന തുടരുകയാണെങ്കില്‍ മിക്കവാറും എല്ലാ വാഹന നിര്‍മാണ പ്രക്രിയകളും മന്ദഗതിയിലാകുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകള്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോ കോമ്ബോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസി‌എം‌എ) യുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ നാലിലൊന്ന് ഓട്ടോ പാര്‍ട്ട് ഇറക്കുമതിയും (4.2 ബില്യണ്‍ ഡോളര്‍) ചൈനയില്‍ നിന്നാണ് (2019 ലെ കണക്കുകള്‍ പ്രകാരം). എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Related News