Loading ...

Home Kerala

സമ്പര്‍ക്ക രോഗവ്യാപനം ഏറുന്നു; മൂന്നു ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ആള്‍ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ ഇന്നുമുതല്‍ കടകള്‍ തുറക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുമെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാകും പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കുക. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും.അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാര്‍ഡുകളെ കണ്ടെയ്മെമെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാര്‍ഡുകളാണ് ഒഴിവാക്കിയത്. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. രോ​ഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമാകും അനുവദിക്കുക. ഓട്ടോ-ടിക്സി വാഹനങ്ങളെ ആശ്രയിക്കുന്നവര്‍, യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പേരും വാഹനനമ്ബറും അടക്കമുള്ളവ ശേഖരിച്ച്‌ സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിലെ സുരക്ഷാജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയേറി. കോവിഡ് രോഗികളടക്കം ദിവസവും നിരവധി പേരെത്തുന്ന ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കുന്ന ഇവര്‍ക്കുള്ളത് പരിമിതമായ സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളതെന്നാണ് ആക്ഷേപം.

Related News