Loading ...

Home Kerala

പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​ത്തി​ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേ​ണ്ട; പി​പി​ഇ കി​റ്റ് മ​തി

പ്രവാസികള്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ച് വരാം. വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബഹ്റൈനും സൌദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, തുക പ്രവാസികൾക്ക് താങ്ങാനാകുമോ എന്നൊക്കെ പരിശോധിക്കണം. ഇക്കര്യങ്ങളിൽ അടിയന്തര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ പോലും പ്രവാസികൾക്ക് ലഭിച്ചില്ല. പ്രവാസികളെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു. പിപിഇ കിറ്റിന്റെ ചിലവ് സർക്കാർ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് നടത്തിയ സമരത്തിന്‍റെ വിജയമാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്ന് എം കെ മുനീര്‍ പറഞ്ഞു.

Related News