Loading ...

Home Education

പഠന സഹായം നല്‍കുമ്പോള്‍ പ്രചാരണം വേണ്ട, കുട്ടികളുടെ ആത്മാഭിമാനം മുറിപ്പെടുത്തരുത്; മാര്‍ഗ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികള്‍ക്കായി പിടിഎ, സന്നദ്ധ സംഘടനകള്‍ എന്നിവ സ്‌കൂള്‍ യൂണിഫോം, ബാഗ്, നോട്ട് ബുക്കുകള്‍, മറ്റു പഠനോപകരണങ്ങള്‍ തുടങ്ങിയവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുമ്ബോള്‍ അവരുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്നും, സഹായങ്ങള്‍ പരസ്യമായി സ്വീകരിക്കുന്നത് മൂലം കുട്ടികള്‍ മാനസിക പ്രയാസം അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നിറഞ്ഞ സദസ്സില്‍ പേര് വിളിച്ച്‌, സഹപാഠികളുടെയും അധ്യാപകരുടെയും മുന്‍പില്‍ വെച്ച്‌ സഹായധനവും പഠന സഹായ വസ്തുക്കളും നല്‍കരുത്. കൂടാതെ സഹായം നല്‍കുന്ന കുട്ടികളുടെ പേരും ഫോട്ടോയും വെച്ച്‌ പരസ്യം കൊടുക്കുന്നതും പ്രചാരണം നടത്തുന്നതും പൂര്‍ണമായും ഒഴിവാക്കണം. കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുന്‍നിര്‍ത്തി നല്‍കുന്ന സഹായവിതരണം ഒരിക്കലും അവരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിധമാകാന്‍ പാടില്ല. കുട്ടികളുടെ അവകാശങ്ങളെ ഉള്‍ക്കൊണ്ട്, അവരോടു ചേര്‍ന്നു നിന്ന്, സ്വകാര്യതക്ക് ഭംഗം വരാത്ത രീതിയിലാണ് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വിതരണം ചെയ്യേണ്ടത്. സഹായങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ മറ്റു കുട്ടികള്‍ക്കിടയില്‍ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവും പൂര്‍ണമായും ഒഴിവാക്കണം. കുട്ടികള്‍ക്ക് സഹായ വിതരണം ചെയ്യുമ്ബോള്‍ യാതൊരുവിധ പരസ്യ പ്രചരണവും നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍( വി എച്ച്‌ എസ് ഇ), റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍(ഹയര്‍സെക്കന്ററി), ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Related News