Loading ...

Home National

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടരലക്ഷം കവിഞ്ഞു;മരണം 7,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിൽ ഒറ്റ ദിവസം മൂവായിരത്തിലധികം പേർക്ക് കോവിഡ്. രോഗികളുടെ എണ്ണം 85,000 കടന്നതോടെ മഹാരാഷ്ട്ര ചൈനയെ മറികടന്നു.കേന്ദ്ര വാർത്ത വിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ കോവിഡ് ബാധ രണ്ടരലക്ഷം കടന്നു കുതിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇതിനിടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹം വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വേദി പങ്കിട്ടിരുന്നു. ഡൽഹിയിലെ നാഷണൽ മീഡിയ സെന്‍റര്‍ അണു നശീകരണത്തിനായി അടച്ചിടും. മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം മൂവായിരത്തിലധികം കേസുകളും 91 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975. മരിച്ചത് മൂവായിരത്തിലധികം പേർ. ഇതോടെ ചൈനയിലെ രോഗികളുടെ എണ്ണത്തെ മഹാരാഷ്ട്ര മറികടന്നു.മുംബൈയിലെ ധാരാവിയിൽ 13 പുതിയ കോവിഡ് കേസുകൾ.മൊത്തം കേസുകളുടെ എണ്ണം രണ്ടായിരത്തോടടുക്കുന്നു. ഡൽഹിയിൽ കോവിഡ് ബാധിച്ചവർ മുപ്പതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം 1282 പുതിയ കേസുകൾ കണ്ടെത്തി. തലസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 812 ആണ്. ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 620 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 433 ഉം രാജസ്ഥാനിൽ 262 ഉം ഹരിയാനയിൽ 496 ഉം പുതിയ കേസുകളുണ്ട്. പശ്ചിമബംഗാളിൽ ഇന്നലെ 449 പുതിയ കേസുകളും13 മരണവും റിപ്പോർട്ട് ചെയ്തു.ബീഹാറിൽ 141 ഉം പഞ്ചാബിൽ 93 ഉം കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.

Related News