Loading ...

Home National

ഗുജറാത്തും ഉത്തര്‍പ്രദേശും തൊഴില്‍ സമയം കൂട്ടി;കൊറോണയുടെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ശക്തം

കൊറോണ വൈറസ് ബാധമൂലം ഉണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥയുടെയും ലോക്​ഡൗണ്‍ നിയന്ത്രണങ്ങളുടെയും പേരില്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളാണ് തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സുകളിലൂടെ ഭേദഗതി ചെയ്യുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സംയുക്ത പോരാട്ടം ലക്ഷ്യമിട്ട് വിവിധ തൊഴിലാളി യൂണിയനുകള്‍ സംഘടിക്കുന്നു.

കോവിഡ്-19 മഹാമാരി മൂലം പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സാധിക്കാത്തതിനാല്‍, തൊഴില്‍ ചട്ടം (Labour Code) പോലെയുള്ള നിര്‍ദ്ദിഷ്ട തൊഴില്‍ പരിഷ്‌കരണ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കുന്നതിന് ഇതേ മാര്‍ഗ്ഗം തന്നെ കേന്ദ്രവും സ്വീകരിക്കുമെന്ന ആശങ്ക തൊഴിലാളി യൂണിയനുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്‌. പാര്‍ലമെന്റിന് മുമ്ബാകെ ഇപ്പോള്‍ തന്നെയുള്ള നിയമനിര്‍മ്മാണങ്ങളുടെ പേരില്‍ യൂണിയനുകള്‍ നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

അതേസമയം, ലോക്​ഡൗണ്‍ കാലത്ത് വ്യാപാരങ്ങളും വ്യവസായങ്ങളും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് തൊഴില്‍ദാതാക്കള്‍. തൊഴിലാളികള്‍ തിരികെ ഹാജരാകുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. തിരികെ ഹാജരാവാത്തവരെ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ആക്‌ട് പ്രകാരവും വ്യവസായ തര്‍ക്കപരിഹാര ചട്ട പ്രകാരവും ശിക്ഷാര്‍ഹര്‍ ആയി പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യവസായങ്ങള്‍ നേരിടുന്ന തൊഴില്‍സേന അപര്യാപ്തതയ്ക്കുള്ള പരിഹാരം എന്ന നിലയില്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന അല്ലെങ്കില്‍ പ്രദേശിക വ്യവസായ മേഖലകള്‍ക്ക് സമീപം ലഭ്യമായ കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തണമെന്നും അവര്‍ ഏറ്റവും സമീപമുള്ള ഫാക്ടറികളിള്‍ തൊഴിലെടുക്കുന്നതിനായി നിയോഗിക്കണമെന്നും തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്നു.

ഏതായാലും കാര്യങ്ങള്‍ തൊഴില്‍ദാതാക്കള്‍ക്ക് അനുകൂലമായാണ് പരിണമിക്കുന്നത് എന്നതാണ് ഇതുവരെയുള്ള സൂചനകള്‍. ഉദാഹരണത്തിന്, 38 തൊഴില്‍ നിയമങ്ങള്‍ ആയിരം ദിവസത്തേക്ക് നിര്‍ത്തിവെക്കുന്ന താല്‍ക്കാലിക ഒഴിവാക്കല്‍ എന്നൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 1934ലെ വേതന നിയമത്തിന്റെ അനുച്ഛേദം അഞ്ച്, 1996ലെ നിര്‍മ്മാണ തൊഴിലാളി നിയമം, 1993ലെ നഷ്ടപരിഹാര നിയമം, 1976ലെ അടിമവേല നിയമം എന്നീ നിയമങ്ങള്‍ മാത്രമേ ഈ ഓര്‍ഡിനന്‍സ് പ്രകാരം ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ പ്രാബല്യത്തിലുണ്ടാവൂ. വ്യവസായ തര്‍ക്ക പരിഹാര ചട്ടം, തൊഴില്‍ സുരക്ഷ, ആരോഗ്യ ചട്ടം, കരാര്‍ തൊഴിലാളി ചട്ടം, കുടിയേറ്റ തൊഴിലാളി നിയമം, തുല്യ വേതന നിയമം എന്നിവ നിലവില്‍ ഉത്തര്‍പ്രദേശില്‍ പ്രാബല്യത്തിലുണ്ടാവില്ല.

ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കഴിഞ്ഞു. ത്രിപുരയും മഹാരാഷ്ട്രയും ഇതേ പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രധാന ഭേദഗതികളില്‍ ജോലി സമയം 12 മണിക്കൂറായി വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. തൊഴില്‍ദാതാക്കള്‍ക്ക് ആളുകളെ നിയമിക്കാനും പിരിച്ചുവിടാനും സര്‍വ സ്വാതന്ത്ര്യവും നല്‍കുന്ന തരത്തില്‍, ഫാക്ടറി ചട്ടം, കരാര്‍ ചട്ടം, വ്യവസായ തര്‍ക്കപരിഹാര ചട്ടം എന്നിവ മധ്യപ്രദേശ് ഭേദഗതി ചെയ്തുകഴിഞ്ഞു.

തൊഴില്‍ദാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മൂന്നു വര്ഷം വരെ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യമാണ്‌ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌ ഗാംഗ്വാറിന് മുമ്ബാകെ അവര്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

ചില സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനകം തന്നെ ഈ നിര്‍ദ്ദേശങ്ങളില്‍ ചിലത് നടപ്പിലാക്കാന്‍ ആരംഭിച്ചിരുന്നു.

1. അടച്ചുപൂട്ടല്‍ കാലത്ത് താല്‍ക്കാലിക പിരിച്ചുവിടല്‍ ആയി പരിഗണിക്കുന്ന തരത്തില്‍ വ്യവസായ തര്‍ക്കപരിഹാര ചട്ടത്തില്‍ ഇളവുകള്‍ വരുത്തുക.

2. വ്യവസായങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പണ ഞെരുക്കവും കണക്കിലെടുത്തുകൊണ്ട്, തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതനം കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നും അനുവദിക്കുക.

3. സാധനങ്ങളും സേവനങ്ങളും ലാഭകരമായ നിലയിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി വ്യവസായങ്ങള്‍ തുറന്നതിന് ശേഷം തൊഴില്‍സേനയുടെ പരമാവധി പരിധി 33 ശതമാനത്തില്‍ നിന്നും 50 ശതമാനമായി വര്‍ദ്ധിപ്പിക്കുക.

4. പ്രധാനമന്ത്രി ഗരീബ് കല്യാണ യോജനയുടെ പരിധിയില്‍ 90 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം 15,000 രൂപയില്‍ കുറവ് ഉള്ള സംരംഭങ്ങളെ മാത്രം ഉള്‍പ്പെടുത്തുന്ന നിബന്ധന ഭേദഗതി ചെയ്തുകൊണ്ട് കൂടുതല്‍ തൊഴിലാളികളെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക.

5. നിലവിലുള്ള പ്രതിസന്ധിയില്‍ നിന്നും പുറത്തുവരുന്നതിന് വ്യവസായങ്ങളെ സഹായിക്കുന്നതിനായി കുറഞ്ഞ കൂലി, ബോണസ്, നിയമപരമായ അര്‍ഹതയുള്ളത് എന്നിവ പോലുള്ള വകുപ്പുകള്‍ ഒഴികെയുള്ള തൊഴില്‍ നിയമങ്ങള്‍ 2-3 വര്‍ഷത്തേക്ക് മരവിപ്പിക്കുക.

6. പ്രതിദിന ജോലി സമയം 12 മണിക്കൂറായി വര്‍ദ്ധിപ്പിക്കുക.

7. വ്യവസായം സുസ്ഥിരമാക്കുന്നതിനും തൊഴിലവസര നഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനുമായി, വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സഹായ പദ്ധതികള്‍ പ്രദാനം ചെയ്യുക.

8. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി സബ്‌സിഡി നിരക്കില്‍ നല്‍കുക.

9. കുടിയേറ്റ തൊഴിലാളികളുടെ നില ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതാണ്. കുടിയേറ്റ തൊഴിലാളികളുടെ കോവിഡ്-19 ഭീതി അകറ്റുന്നതിനുള്ള കൗണ്‍സിലിംഗ്, അവരുടെ യാത്രയ്ക്ക് സാമ്ബത്തിക സഹായം, ആറു മാസത്തേക്കെങ്കിലും സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയ ഉറപ്പുവരുത്തിക്കൊണ്ട് കുടിയേറ്റ തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിനുള്ള ഒരു പരിപാടി തയ്യാറാക്കുക.

10. കുടിയേറ്റ തൊഴിലാളികളുടെ വിവര ബാങ്ക് തയ്യാറാക്കുക. അസംഘടിത തൊഴിലാളികളെയും ദിവസ വേതനക്കാരെയും സഹായിക്കുന്നതിനായി ദേശീയ പകര്‍ച്ചവ്യാധി നിധിക്ക് രൂപം നല്‍കുക.

11. തൊഴിലാളികളുടെയും തൊഴില്‍ദാതാക്കളുടെയും സാമൂഹ്യ സുരക്ഷ ചിലവുകള്‍ വെട്ടിക്കുറയ്ക്കുക.

12. തൊഴിലാളികളുടെയും ഉല്‍പന്നങ്ങളുടെയും നീക്കം അനായാസമാക്കുന്നതിനായി റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകള്‍ക്ക് പകരം നിയന്ത്രണമുള്ള മേഖലകളും നിയന്ത്രണമില്ലാത്ത മേഖലകളും മാത്രമായി പരിമിതപ്പെടുത്തുക. നിയന്ത്രണമില്ലാത്ത മേഖലകളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും അനുവദിക്കുക.

Related News