Loading ...

Home Kerala

കോവിഡ് 19: സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് വ്യാപകമാക്കുന്നു; നാല് വിഭാഗങ്ങളാക്കി തിരിച്ച്‌ പരിശോധന

കോവിഡ് 19 വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് വ്യാപകമാക്കും. റാപിഡ് ടെസ്റ്റിന് വിധേയരാക്കേണ്ടവരെ നാല് വിഭാഗങ്ങളായി തിരിച്ച്‌ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹൈ റിസ്‌ക് കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആയിരിക്കും ആദ്യം പരിശോധന. ഒരു ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ജാഗ്രത കര്‍ശനമായി തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി ഒരു ലക്ഷം ദ്രുത പരിശോധനകള്‍ നടത്തും.ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ പുറത്തിറക്കിയ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കേണ്ട വരെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവരെയും കൊവിഡ് സ്ഥിരീകരിക്കാത്തവരെ ചികിത്സിക്കുന്നവരെയുമാണ് ആദ്യം പരിശോധനയ്ക്ക് വിധേയരാക്കുക. ഇതിനായി 25,000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കും. പൊതുജനങ്ങളുമായി അധിക സമ്ബര്‍ക്കം പുലര്‍ത്തുന്ന പൊലീസ്, ഫീല്‍ഡ് ലെവല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും ഉപവിഭാഗത്തില്‍ റേഷന്‍ കടകള്‍ നടത്തുന്നവര്‍, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി നടത്തുന്നവര്‍, അവശ്യസാധന വിതരണക്കാര്‍, കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിശോധന നടത്തും. ഇതിനായി 25,000 കിറ്റുകളാണ് അനുവദിക്കുക. മൂന്നാം വിഭാഗത്തിലാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പരിശോധന. പഞ്ചായത്ത് തലത്തില്‍ എണ്ണമെടുത്ത് റൂട്ട് മാപ്പ് തയാറാക്കി വീടുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കും. ഇതിലേക്ക് 25,000 കിറ്റുകളാണ് നല്‍കുക. നാലാമത്തെ വിഭാഗത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവരുടെ പരിശോധനയാണ്. സാമൂഹ്യ നീതി ഡയറക്ടര്‍ തയ്യാറാക്കുന്ന 60ന് മുകളില്‍ പ്രായമുള്ളവരുടെ പട്ടികയില്‍ നിന്ന് റാന്‍ഡം സാംപ്ലിംഗ് നടത്തേണ്ടവരുടെ ചുരുക്കപട്ടിക കളക്ടര്‍ തയ്യാറാക്കും. 20,000 കിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സീറോ സര്‍വയലന്‍സ് ടീം വീടുകളില്‍ എത്തി സാമ്ബിളുകള്‍ ശേഖരിക്കും. ആദ്യ രണ്ട് വിഭാഗക്കാരും നിര്‍േദശിക്കുന്ന സമയങ്ങളില്‍ ആശുപത്രിയില്‍ എത്തി പരിശോധനയ്ക്ക് വിധേയരാകണം. ആദ്യ വിഭാഗമൊഴികെയുള്ള മൂന്ന് ഗ്രൂപ്പുകളിലും റാന്‍ഡം രീതിയിലാവും സാംപിളുകള്‍ ശേഖരിക്കുക. കളക്ടര്‍മാര്‍ക്കും ജില്ലാ നിരീക്ഷണ ഓഫിസര്‍മാര്‍ക്കുമാണ് പരിശോധന ചുമതല.

Related News