Loading ...

Home Kerala

കാസര്‍കോട് അ‌തിര്‍ത്തി തുറക്കില്ല; നിലപാടിലുറച്ച്‌ കര്‍ണാടക

കൊച്ചി: കാസര്‍കോട് അ‌തിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലുറച്ച്‌ കര്‍ണാടക. ഇക്കാര്യം കര്‍ണാടക അ‌ഡ്വക്കേറ്റ് ജനറല്‍ ​ഹൈക്കോടതിയെ അ‌റിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അ‌തിര്‍ത്തികള്‍ കര്‍ണാടക അ‌ടച്ചതിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദത്തിനിടെയാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അ‌തിര്‍ത്തി അ‌ടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണേണ്ടതില്ല. രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുയാണ് ചെയ്യുന്നത്. കേരളത്തിലേക്കുള്ള അ‌തിര്‍ത്തി മാത്രമല്ല അ‌ടച്ചത്. മഹാരാഷ്ട്ര, ഗോവ അ‌തിര്‍ത്തികളും അ‌ടച്ചിട്ടുണ്ട്. കോവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്ര​യോഗികമല്ല.മംഗലാപുരത്തേക്ക് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമാണെന്നും കര്‍ണാടക അ‌ഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ​​ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സ തേടുന്നത് മംഗലാപുരത്തു നിന്നാണ്. സ്ഥിരമായി പരിശോധന നടത്തേണ്ടവരും തുടര്‍ചികിത്സ വേണ്ടവരുമായി നിരവധി രോഗികള്‍ ജില്ലയിലുണ്ട് -കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കാണിച്ച്‌ മംഗലാപുരത്തെ ആശുപത്രികള്‍ നല്‍കിയ കത്ത് ഉള്‍പ്പെടെയാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ വാദം തുടരുകയാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി​യാണ് നടപടികള്‍.

Related News