Loading ...

Home Business

ചരക്കുനീക്കം നിലച്ചു; കോടികളുടെ നഷ്ടം

മട്ടാഞ്ചേരി: കണ്ടെയ്‌നര്‍ ലോറികള്‍ ഓട്ടം നിര്‍ത്തിയതോടെ വല്ലാര്‍പാടം ടെര്‍മിനലിലേക്കുള്ള ചരക്കുനീക്കം നിലച്ചു. കയറ്റുമതിക്കുള്ള കണ്ടെയ്‌നുകള്‍ ടെര്‍മിനലില്‍ എത്തില്ലെന്ന് ഉറപ്പായതോടെ, അടുത്തയാഴ്ച എത്തേണ്ട രണ്ട് കപ്പലുകള്‍ റദ്ദാക്കി. 'ഇ.ആര്‍. സ്വീഡന്‍' എന്ന കപ്പല്‍ തിങ്കളാഴ്ചയാണ് എത്തേണ്ടിയിരുന്നത്. യൂറോപ്പിലേക്കള്ള കപ്പലാണിത്. ചൈനയില്‍ നിന്ന് ബുധനാഴ്ച എത്തേണ്ട 'ലിങ്ക് യാങ് തായ്ക്ക്' എന്ന കപ്പലും റദ്ദാക്കി. നാനൂറോളം കണ്ടെയ്‌നറുകളാണ് ഈ കപ്പലുകളില്‍ കയറ്റാറുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി കയറ്റുമതി മേഖലയില്‍ പ്രതിസന്ധിയാണ്. കൊറോണയുടെ പിടിയിലായ രാജ്യങ്ങള്‍ നേരത്തെ നല്‍കിയ ഓര്‍ഡറുകള്‍ പൊടുന്നനെ റദ്ദാക്കിയതാണ് പ്രശ്നമായത്. എങ്കിലും കപ്പലുകള്‍ ഒന്നും റദ്ദാക്കിയിരുന്നില്ല. ട്രെയ്‌ലറുകളുടെ ഓട്ടം നിലച്ചത് കനത്ത തിരിച്ചടിയായി. സമുദ്രോത്പന്ന മേഖലയില്‍ നിന്നുള്ള കയറ്റുമതി നേരത്തെ നിലച്ചു. കൊച്ചിയില്‍നിന്ന് പോയ കണ്ടെയ്‌നര്‍ ലോറികള്‍ പലതും പാതിവഴിയിലാണ്. ജീവനക്കാര്‍ക്ക് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണ്. അനിശ്ചിതമായ സാഹചര്യം നിലവിലുള്ളതിനാല്‍ ജീവനക്കാര്‍ പോകാനും മടിക്കുന്നുണ്ട്. അത്യാവശ്യ സാധനങ്ങളൊഴികെ മറ്റൊന്നും വാഹനങ്ങളില്‍ കൊണ്ടുപോകാനും കഴിയില്ല.വല്ലാര്‍പാടത്ത് ടെര്‍മിനലില്‍ എത്തിച്ചിട്ടുള്ള പല കണ്ടെയ്‌നറുകളും പുറത്തേക്ക് നീക്കാന്‍ കഴിയുന്നില്ല. ഇതൊക്കെ വഴിയില്‍ തടയപ്പെടാം. ഇറക്കുമതി ചെയ്ത കമ്ബനികളും പ്രശ്നത്തിലാണ്. കയറ്റുമതി മേഖലയില്‍ കോടികളുടെ നഷ്ടമാണുണ്ടായതെന്ന് കമ്ബനികള്‍ ചൂണ്ടിക്കാട്ടുന്നു. ടെര്‍മിനലില്‍ ജോലികള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ റദ്ദാക്കിയേക്കും. നികുതികളില്‍ ഇളവ് നല്‍കിയും ടെര്‍മിനല്‍ ചാര്‍ജുകളുടെയും ഡെമറേജിന്റെയും അമിതഭാരം ഒഴിവാക്കിയും മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മാരിടൈം ബോര്‍ഡ് അംഗവുമായ പ്രകാശ് അയ്യര്‍ ആവശ്യപ്പെട്ടു.

Related News