Loading ...

Home Kerala

സംസ്ഥാനത്തെ ബീററേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല ; ആറ് ജില്ലകളില്‍ നിരോധനാജ്ഞ, കര്‍ശന നടപടിയുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപന്മാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലോക്കൗട്ടുകളെ തുടര്‍ന്ന അടയ്ക്കുന്ന സ്ഥാപനങ്ങളില്‍ ബീവറേജസും. ഇന്ന് മുതല്‍ സംസ്ഥാനത്തെ ബീററേജസ് ഔട്ട്‌ലെറ്റുകൾ തുറക്കില്ല. ഇനിയൊരു അറിയിപ്പ് വരുന്നത് വരെ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിർദ്ദേശം നല്‍കി. ഇന്ന് ചേരുന്ന മന്ത്രിസഭായോഗമായിരിക്കും എന്നുവരെ അടച്ചിടണം എന്ന് തീരുമാനം എടുക്കുക. കേന്ദ്രം കൂടി സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ചതോടെ എല്ലായിടത്തും പോലീസിന്റെ കര്‍ശന പരിശോധനയാണ്. കേന്ദ്രം പുതിയതായി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ച്‌ സ്വകാര്യ വാഹനങ്ങളില്‍ പോലും യാത്ര അനുവദനീയമല്ല.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ തിരിച്ചു പോയില്ലെങ്കില്‍ കേസെടുക്കും. രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം അവശ്യ വിഭാഗങ്ങളില്‍ പെടുന്ന വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി തന്നെ നേരിട്ടേക്കും. കാസര്‍ഗോഡ് പ്രധാന നിരത്തുകളില്‍ പോലീസ് ബാരിക്കേഡ് വെച്ചിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയെ ആറ് സോണുകളായി തിരിച്ച്‌ ഡിവൈഎസ്പി മാര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനാണ് ഉന്നത പോലീസ് മേധാവികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കുന്നുണ്ട്്. ജില്ലയില്‍ വീട്ടിലിരിക്കാത്തവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കേസ് എടുക്കലും സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റലും ഇതില്‍ പറയുന്നു. അത്യാവശ്യക്കാര്‍ വീട്ടിലേക്ക് പെട്ടെന്ന് തന്നെ മടങ്ങണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഗുണ്ടല്‍പേട്ട് ചെക്ക്‌പോസ്റ്റില്‍ മലയാളികളെ മാത്രമാണ് കടത്തിവിടുന്നത്. തിരിച്ചറിയല്‍ രേഖ പരിശോധിച്ചാണ് ആളെ കയറ്റുന്നത്. ഇതോടെ വയനാട് വഴി കേരളത്തിലേക്ക് വന്ന ഒട്ടേറെ യാത്രക്കാര്‍ കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങി. ലോക്ക് ഡൗണ്‍ നിയമലംഘനത്തിന് ഇന്നലെ വയനാട്ടില്‍ 108 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 80 പേരെ അറസ്റ്റ് ചെയ്യുകയും 51 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ 47 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം ഇന്നലെ തുറന്ന രണ്ടു ഹോട്ടലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 109 ആയി. ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 14 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 105 ആയി. 72,460 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍കോഡിനും കോഴിക്കോടിനും പിന്നാലെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം എല്ലാവരും കരുതണം. അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുമ്ബോള്‍ പാസ് കരുതണം. ജില്ലാപൊലീസ് മേധാവിമാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ പാസ് അനുവദിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

Related News