Loading ...

Home National

കനിക കപൂറിന്‌ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ നിരീക്ഷണത്തിലേക്ക്

ലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ ഭീതിയില്‍. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ ശേഷം സമ്പര്‍ക്ക വിലക്ക് ലംഘിച്ച്‌ കനിക ലക്‌നൗവില്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങ് എംപി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി ഭവനില്‍ എംപിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ദുഷ്യന്ത് സിങ് പങ്കെടുത്തു. ഇതോടെയാണ് ചടങ്ങില്‍ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിലായത്. കനിക കപൂറിന് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ദുഷ്യന്ത് സിങ്ങും ബിജെപി നേതാവ് വസുന്ധര രാജെയും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. മുന്‍കരുതലെന്ന നിലയ്ക്ക് താനും മകനും സ്വയം സമ്പര്‍ക്ക വിലക്കില്‍ തുടരുകയാണെന്ന് വസുന്ധര രാജെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മോഘവാള്‍, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനത്തിലാണ്. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌ എല്ലാ പരിപാടികളും റദ്ദാക്കി. അതേസമയം, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ രോഗവിവരം മറച്ചുവെച്ച്‌ രോഗവ്യാപനത്തിന് ഇടയാക്കിയതിന് കനികയ്‌ക്കെതിരേ യുപി പോലീസ് കേസെടുത്തു. ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ സരോജിനി നഗര്‍ പോലീസാണ് കേസെടുത്തത്. ഐപിസി 269, 270, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനികയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കമ്മീഷ്ണര്‍ സുര്‍ജിത്ത് പാണ്ഡെ വ്യക്തമാക്കി. നിലവില്‍ ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് കനിക. ലണ്ടനിലെ സംഗീതപരിപാടി കഴിഞ്ഞ് മാര്‍ച്ച്‌ 15-ന് കനിഹ കപൂര്‍ ലഖ്‌നൗവില്‍ തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ കനിഹ നിരവധി പാര്‍ട്ടികളിലും പരിപാടികളില്‍ പങ്കെടുത്തിരുന്നു. കനികയ്ക്ക്‌ വൈറസ് സ്ഥിരീകരിച്ചതോടെ, ലഖ്‌നൗവില്‍ അവര്‍ താമസിച്ച ട്രാന്‍സ്-ഗോമതി പ്രദേശം അടച്ചു. ഈ പ്രദേശത്തെ മരുന്നുകടകള്‍, ഗ്യാസ് ഏജന്‍സികള്‍, ആശുപത്രികള്‍ എന്നിവയൊഴികെ എല്ലാം പൂട്ടാന്‍ വെള്ളിയാഴ്ച വൈകീട്ട് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.


Related News