Loading ...

Home Kerala

കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് രക്തദാനം കുറഞ്ഞു; അടിയന്തര ശസ്ത്രക്രിയകള്‍ക്ക് രക്തമില്ലാതെ ആശുപത്രികൾ

കൊച്ചി: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് രക്തദാനം കുറഞ്ഞു. സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ക്യാമ്ബുകള്‍ നിര്‍ത്തിവെച്ചതോടെ ആശുപത്രികളിലെ രക്തബാങ്കുകളും ക്ഷാമത്തിലായി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റുന്ന സാഹചര്യവും പല ആശുപത്രികളിലുമുണ്ട്. ശസ്ത്രക്രിയയ്ക്കിടയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്തം കിട്ടാതെവരുമോയെന്ന പേടിമൂലമാണിത്. കൊറോണയെ പേടിച്ചാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. സ്‌കൂളുകളും കോളേജുകളും അടച്ചതും സ്ഥിതി ഗുരുതരമാക്കി. നാഷണല്‍ സര്‍വീസ് സ്‌കീം ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒട്ടേറെ കുട്ടികള്‍ രക്തം നല്‍കാന്‍ മുന്നോട്ടെത്തിയിരുന്നു. ഇതിലെല്ലാം കുറവുവന്നു. അര്‍ബുദ രോഗികള്‍, സിസേറിയന്‍, അപകടക്കേസുകള്‍ എന്നിങ്ങനെ ആശുപത്രികളില്‍ ഓരോ ദിവസവും ഏറെ രക്തം ആവശ്യമാണ്. ക്യാമ്പുകൾ  നിര്‍ത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ബ്ലഡ് ഡോണേഴ്‌സ് കേരള എറണാകുളം യൂണിറ്റ് രക്ഷാധികാരി ജിഷ്ണുരാജ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍, രണ്ടാഴ്ചകളിലായി നിശ്ചയിച്ചിരുന്ന ഏഴു ക്യാമ്പുകൾ  റദ്ദാക്കി. എറണാകുളത്തു മാത്രം ദിവസം 300 മുതല്‍ 500 വരെ യൂണിറ്റ് രക്തം ആവശ്യമുണ്ട്. നെഗറ്റീവ് ഗ്രൂപ്പുള്ള ദാതാക്കളെ കണ്ടെത്താനാണ് പ്രയാസം. മൂന്നുമാസത്തിലൊരിക്കല്‍ രക്തം നല്‍കുന്ന 6000 പേര്‍ ജില്ലയിലുണ്ട്. ലഭ്യത കുറഞ്ഞത് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹീമോഫീലിയ സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. പേടിക്കേണ്ട

  • ആശുപത്രിയിലെത്തുമ്പോൾ  കൊറോണ പകരുമോയെന്ന ഭീതിയിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡിലാണ് കൊറോണ രോഗികളുള്ളത്. അതിനാല്‍ ആശുപത്രിയിലും ബ്ലഡ് ബാങ്കിലുംപോയി രക്തം നല്‍കാന്‍ മടിക്കേണ്ട.
  • രക്തം നല്‍കുന്നവരില്‍നിന്ന് യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്.
  • കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ചവരുടെയും ജലദോഷം, പനി തുടങ്ങിയവ ഉള്ളവരുടെയും രക്തം സ്വീകരിക്കില്ല.
  • കൊറോണ ബാധിതരുമായി ബന്ധം പുലര്‍ത്താത്തവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ലാത്തവര്‍ക്കും രക്തം നല്‍കുന്നതില്‍ തടസ്സമില്ലെന്നും അധികൃതര്‍.




Related News