Loading ...

Home Kerala

കോവിഡ് - 19 ; പത്തനംതിട്ടയില്‍ വിവാഹങ്ങള്‍ രണ്ടാഴ്ച മാറ്റിവയ്ക്കണം,അടഞ്ഞു കിടക്കുന്ന രണ്ട് ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കും

പത്തനംതിട്ട: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ മുന്‍കരുതലിന്റെ ഭാഗമായി രണ്ട് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ  കളക്ടർ  പി ബി നൂഹ്. അടഞ്ഞു കിടക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. റാന്നി അയ്യപ്പ മെഡിക്കല്‍ കോളജ്, പന്തളം അര്‍ച്ചന ആശുപത്രി എന്നിവയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുക. à´ˆ ആശുപത്രികളുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായാണ് പുതിയ നീക്കം. ജില്ലയില്‍ കോവിഡ് മുന്‍കരുതല്‍ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കുമെന്നും വലിയ വിലവര്‍ധനവില്ലാതെ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കല്യാണങ്ങളും ആഘോഷങ്ങളും പതിനഞ്ച് ദിവസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും നിര്‍ബന്ധമാണെങ്കില്‍ മതപരമായ ചടങ്ങുകള്‍ മാത്രം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ല എന്ന ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ വാദം അദ്ദേഹം തള്ളി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും രോഗ വിവരം മറച്ചുവച്ചില്ല എന്നുമായിരുന്നു മൂന്നംഗ കുടുംബത്തിലെ മകന്‍ പറഞ്ഞത്. 'ഇവര്‍ 29ന് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നതാണ്. ആറാം തീയതിയാണ് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധു അസുഖ ബാധിതനായതിന് ശേഷം ഞങ്ങള്‍ ലിങ്ക് കണ്ടെത്തി ബന്ധപ്പെട്ടു. പിഎച്ച്‌സി ഉദ്യോഗസ്ഥര്‍ വിളിച്ച്‌ സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷേ ആശുപത്രിയില്‍ നിന്ന് ഡോളോ വാങ്ങിയിരുന്നു. ഇത് കണ്ടെത്തി വീണ്ടും പിഎച്ച്‌സി ഡയറക്ടര്‍ ബന്ധപ്പെട്ടു. ഡോളോ വാങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ശരിയാണ് പനിയുണ്ട്, തൊണ്ടവേദനയുണ്ടെന്ന് ഇയാള്‍ സമ്മതിക്കുന്നത്.'- കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ ചോദ്യം ഇതാണ്, ഇറ്റലി ഏറ്റവും രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ്. ഇത്രയും വിഷയം നടന്നിട്ട്, മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ജില്ലാ ഭരണകൂടത്തെയോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെയോ ബന്ധപ്പെട്ടിരുന്നെങ്കില്‍ ഇത്രയും വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നു. എന്നിട്ടും ആംബുലന്‍സില്‍ വരാന്‍ തയ്യാറായില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയ്യാറായത്. ഇതിനെപ്പറ്റി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സമയമല്ലിത്. ഈ അവസ്ഥ ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നു.'- അദ്ദേഹം പറഞ്ഞു. നിലവില്‍ വൈറസ് സ്ഥിരീകരിച്ച്‌ ഐസൊലേഷനിലുള്ള പത്ത് പേരില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രായമായവരെയാണ് മാറ്റുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാലും മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും വ്യക്തമാക്കി.

Related News