Loading ...

Home National

കേരളത്തിലെ നാലുപേരടക്കം ഏഴു കോൺഗ്രസ് എംപിമാരെ ലോകസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സഭ തടസ്സപ്പെടുത്തി ബഹളം വെച്ച ഏഴു കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗോഗോയ്, മണിക്കം ടാഗോര്‍, ഗുര്‍ജീത്ത് സിങ് എന്നി ഏഴു കോണ്‍ഗ്രസ് എംപിമാരെയാണ് ലോക്‌സഭ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിലവിലെ സമ്മേളന കാലയളവ് പൂര്‍ത്തിയാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റില്‍ സഭാച്ചട്ടം ലംഘിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ഇന്ന് പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സമ്മേളന കാലയളവ് പൂര്‍ത്തിയാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലോക്‌സഭ സ്പീക്കര്‍ തീരുമാനിച്ചത്. ഇന്ന് സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇരച്ചുകയറി പ്രതിപക്ഷാംഗങ്ങള്‍ പേപ്പറുകളും മറ്റും എടുക്കുകയും വലിച്ചുകീറുകയും ചെയ്ത സംഭവം നടപടിക്ക് പ്രേരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കലാപത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിപക്ഷം സഭ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. അമിത് ഷാ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷത്തെ ചെറുക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയത് സംഘര്‍ഷത്തിലേക്കും നയിച്ചു. അതിനിടെ സ്പീക്കറുടെ നിര്‍ദേശം മറികടന്ന് ഭരണപക്ഷത്തേയ്ക്ക് നീങ്ങിയതാണ് നടപടിക്ക് ഇടയാക്കിയത്.

Related News