Loading ...

Home Kerala

സിഎജി റിപ്പോര്‍ട്ട് ഗൗരവകരം; ഉണ്ട കാണാതായത് യുഡിഎഫിന്റെ കാലത്തെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന വാര്‍ത്ത ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തിരകള്‍ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം മുഖ്യമന്ത്രി തള്ളി. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ട്. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. സിഎജി റിപ്പോര്‍ട്ട് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെ. വെടിയുണ്ട നഷ്ടപ്പെട്ടത് യുഡിഎഫ് കാലത്ത് മൂടിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related News