Loading ...

Home Business

സെന്‍സെക്‌സിന് നഷ്ടമായത് 1,400 പോയന്റ്; നിക്ഷേപകര്‍ക്കാകട്ടെ 5 ലക്ഷം കോടിയും

കൊറോണ ഭീതിയില്‍ സെന്‍സെക്‌സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകര്‍ക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും. കനത്ത വില്പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെന്‍സെക്‌സിന് നഷ്ടമായത് 400 പോയന്റാണ്. ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളര്‍ത്തിയത്. വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ കനത്ത വില്പനസമ്മര്‍ദം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേയ്ക്കും യുഎസ് സര്‍ക്കാര്‍ ബോണ്ടുകളിലേയ്ക്കും നിക്ഷേപകര്‍ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി. ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയില്‍ പ്രതിഫലിച്ചേക്കും. 3.30 P.M സെന്‍സെക്‌സ് 392.24 പോയന്റ് നഷ്ടത്തില്‍ 39,888.96ലും നിഫ്റ്റി 119.40 പോയന്റ് താഴ്ന്ന് 11678.50ലുമാണ് ക്ലോസ് ചെയ്തത്. വാഹനം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാര്‍മ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്‌ഇ മിഡക്യാപ് 1.3 ശതമാനവും സ്‌മോള്‍ ക്യാപ് 0.8 ശതമാനവും താഴ്ന്നു.

Related News