Loading ...

Home Business

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവയ്ക്കുന്നത് 5 ധാരണാപത്രങ്ങള്‍; വ്യാപാര കരാറില്‍ കൃത്രിമ സമയപരിധി വയ്ക്കാനില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ - യുഎസ് വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന് കൃത്രിമ സമയപരിധി വച്ചു തീരുമാനമെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇന്ത്യ വക്തമാക്കി. യുഎസിനോടുള്ള ഇന്ത്യന്‍ സമീപനത്തില്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞ അതൃപ്തി വ്യാപാര മേഖല സംബന്ധിച്ചതാണെന്നും വ്യാപാര കമ്മിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യ നടപടിയെടുക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശം, വ്യാപാര സൗകര്യം, ആഭ്യന്തര സുരക്ഷ തുടങ്ങിയവയിലുള്‍പ്പെടെ 5 ധാരണാപത്രങ്ങള്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവയ്ക്കും. പ്രതിരോധ, ബൗദ്ധിക സ്വത്തവകാശ മേഖലകളില്‍ ഉദ്ദേശിക്കുന്ന കരാറുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വക്താവ് തയാറായില്ല. കശ്മീര്‍, പൗരത്വ നിയമം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് അറിയാമെന്നും, ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു. എച്ച്‌1 -ബി വീസ സംബന്ധിച്ച ആശങ്കകള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. അഹമ്മദാബാദിലെ ചടങ്ങ് യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിന് ഉദ്ദേശിച്ചുള്ളതല്ലെന്നും, ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ചടങ്ങിനു ക്ഷണിക്കണമോ എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും വക്താവ് പറഞ്ഞു. ഡോണള്‍ഡ് ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതിയാണ് സംഘാടകര്‍. ട്രംപിന്റെ സന്ദര്‍ശനത്തിന് വലിയ തുക ചെലവാകുന്നു എന്ന ആരോപണം കഴമ്ബില്ലാത്തതാണെന്നും വക്താവ് പറഞ്ഞു. സുരക്ഷയ്ക്കും പ്രോട്ടകോള്‍ ആവശ്യങ്ങള്‍ക്കുമായി പണം ചെലവാകുന്നതിനെ വലിയ പ്രശ്നമായി ചിത്രീകരിക്കുന്നതെന്തിന്? ഹൗഡി - മോദി ചടങ്ങിന് വലിയ പിന്തുണയാണ് യുഎസ് നല്‍കിയത്. സങ്കീര്‍ണമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് വ്യാപാര കരാര്‍. ദശലക്ഷക്കണക്കായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. അപ്പോള്‍, വിപരീത ഫലമുണ്ടാകുന്ന രീതിയിലുള്ള നടപടികള്‍ സാധ്യമല്ല. ഇരുകൂട്ടര്‍ക്കും തൃപ്തികരമാകുന്ന രീതിയില്‍ കരാറുണ്ടാക്കേണ്ടതുണ്ട്. അതിന് കൃത്രിമമായ സമയപരിധി സാധ്യമല്ല - രവീഷ് കുമാര്‍ പറഞ്ഞു.

Related News