Loading ...

Home Kerala

മരുന്നുകള്‍ മോശമായാല്‍ വിതരണക്കാരനും ഉത്തരംപറയണം

കൊച്ചി: വിപണിയിലെത്തുന്ന മരുന്നിന് നിലവാരമില്ലെങ്കില്‍ നിര്‍മാതാവിനെമാത്രം പഴിചാരി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കേണ്ട. വിതരണക്കാര്‍ക്കും കൃത്യമായ ഉത്തരവാദിത്വം ഏല്‍പ്പിക്കുംവിധം നിയമത്തില്‍ മാറ്റംവരുന്നു. ഇതോടെ എവിടെയെങ്കിലും നിര്‍മിച്ച്‌ വിതരണംചെയ്യുന്ന 'ചാത്തന്‍' മരുന്നുകള്‍ക്കുമേല്‍ പിടിവീഴുമെന്നാണ് പ്രതീക്ഷ. നിലവിലെ നിയമപ്രകാരം മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കായിരുന്നു ഉത്തരവാദിത്വം. തീരെ ചെറുകിടസ്ഥാപനങ്ങള്‍പോലും ഔഷധനിര്‍മാണത്തില്‍ സക്രിയമാണ്. ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കുടില്‍വ്യവസായം പോലെയാണ് മരുന്നുനിര്‍മാണം. ഇത്തരം കേന്ദ്രങ്ങള്‍ക്ക് സ്ഥിരതയുണ്ടാകില്ല. വിലാസവും ഉടമകളുമൊക്കെ ഇടയ്ക്കിടെ മാറും. ഔഷധപരിശോധനയുടെ തുടര്‍നടപടികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ സാധ്യമാകാറുമില്ല. ഇത് വലിയ പരാധീനതയായതോടെയാണ് നിയമഭേദഗതിയെപ്പറ്റി ആലോചന തുടങ്ങിയത്. മറ്റൊരാളുണ്ടാക്കിയ മരുന്ന് വില്‍പ്പനയ്ക്കും വിതരണത്തിനുമായി ഉഭയകക്ഷി കരാര്‍പ്രകാരം ഏറ്റെടുക്കുന്നയാളാണ് വിതരണക്കാര്‍ എന്നതിന്റെ നിര്‍വചനം. വിതരണവുമായി ബന്ധപ്പെട്ട് നിര്‍മാതാവും വിതരണക്കാരും തമ്മില്‍ കരാര്‍ നിര്‍ബന്ധമാണ്. മരുന്നിന്റെ നിലവാരം, നിയമപരമായ ബാധ്യത എന്നിവയില്‍ നിര്‍മാതാക്കളോടൊപ്പം വിതരണക്കാരും ഉത്തരവാദിയായിരിക്കുമെന്ന് പുതിയ നിയമം പറയുന്നു. മരുന്നിന്റെ ലേബലില്‍ വിതരണക്കാരന്റെ കൃത്യമായ വിലാസവും വിവരങ്ങളും രേഖപ്പെടുത്തണം. കുറ്റംതെളിയിക്കപ്പെട്ടാല്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവിനും വ്യവസ്ഥയുണ്ട് ഇന്ത്യയില്‍ പല ചെറുകിട മരുന്നുനിര്‍മാതാക്കളുടെ പക്കല്‍നിന്ന്‌ മരുന്നുകള്‍ ഏറ്റെടുത്ത് വിതരണംചെയ്യുന്ന പതിവ് ബഹുരാഷ്ട്രകമ്ബനികള്‍ക്ക് പോലുമുണ്ട്. പുതിയനിയമം വന്‍കിട, ചെറുകിട കമ്ബനികളെ ബാധിക്കുമെന്ന ആശങ്കയാണ് വ്യവസായലോകം പങ്കുവെക്കുന്നത്. 2021 മാര്‍ച്ച്‌ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രയോജനകരം നിര്‍മാതാക്കളില്‍നിന്ന് വ്യത്യസ്തരായി വിതരണക്കാര്‍ വരുന്നത് ഔഷധഗുണപരിശോധനയെ പലപ്പോഴും ബാധിച്ചിരുന്നു. വിതരണക്കാര്‍ക്കും ഉത്തരവാദിത്വംവരുന്നതോടെ ഇതിന് മാറ്റമുണ്ടാകും. തുടര്‍നടപടികള്‍ പൂര്‍ണമാകുന്നത് തീര്‍ത്തും പ്രയോജനകരമാണ്. രവി എസ്. മേനോന്‍, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.

Related News