Loading ...

Home Education

സ്‌കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍ സ്‌കൂള്‍ വിക്കിയില്‍

തിരുവനന്തപുരം: 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഡിജിറ്റല്‍ മാഗസിനുകള്‍ സ്‌കൂള്‍വിക്കി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. ഭാഷാകമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. സ്‌കൂള്‍ വിക്കി (www.schoolwiki.in) താളില്‍ നിന്നും 'ഡിജിറ്റല്‍ മാഗസിന്‍' ലിങ്ക് വഴി ജില്ല തിരിച്ച്‌ ഈ വര്‍ഷത്തെ എല്ലാ ഡിജിറ്റല്‍ മാഗസിനുകളും കാണാനാകും. വിക്കിപീഡിയ മാതൃകയില്‍ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി പതിനയ്യായിര സ്‌കൂളുകളെ കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തിനം, സ്‌കൂള്‍ വിക്കിയില്‍ 2017 മുതലുളള സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ രചനാ മത്സരങ്ങളുടെ സൃഷ്ടികളും 2019 മുതലുളള സ്‌കൂള്‍ ഡിജിറ്റല്‍ മാഗസിനുകളും ലഭ്യമാക്കുന്നു. പോര്‍ട്ടലിലെ മുഖചിത്രത്തില്‍ മൗസ് കൊണ്ടുവരുമ്പോൾ മാസികയുടെ പേരും സ്‌കൂള്‍ പേരും ദൃശ്യമാകും. ഡിജിറ്റല്‍ മാഗസിന്‍ കാണാന്‍ മാസികയുടെ പേരിലും, സ്‌കൂള്‍ പേജിലേക്ക് പോകാന്‍ സ്‌കൂള്‍ പേരിലുമാണ് ക്ലിക്ക് ചെയ്യേണ്ടത്.
ലിറ്റില്‍ കൈറ്റ്‌സ് പരിശീലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിങ്, വേര്‍ഡ് പ്രൊസസിങ്, റാസ്റ്റര്‍വെക്ടര്‍ ഇമേജ് എഡിറ്റിങ് തുടങ്ങിയവയും നടപ്പിലാക്കുന്നു. പദ്ധതിയിലെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്.
എഴുത്തും വരകളും ചിന്തകളുമെല്ലാം ഡിജിറ്റല്‍ രൂപത്തി ലേക്കു മാറ്റിയാണ് ഓരോ വര്‍ഷവും കുട്ടികള്‍ ഡിജിറ്റല്‍ മാഗസിനുകള്‍ തയ്യാറാക്കുന്നത്. കടലാസ്‌രഹിതമായും ധനനഷ്ടം കൂടാതെയും എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനും സംവിധാനമൊരുങ്ങിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


Related News