Loading ...

Home Kerala

വാഹനാപകടം: ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് വഹിക്കാന്‍ പദ്ധതി

തിരുവനന്തപുരം: വാഹനാപകടമുണ്ടായി ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവുകള്‍ വഹിക്കാന്‍ പദ്ധതി തുടങ്ങുമെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. കേരളത്തിന്റെ അധികാരപരിധിക്കുള്ളില്‍ അപകടത്തിനിരയായവരുടെ 50,000 രൂപയില്‍ കൂടാത്ത ചികിത്സാചെലവുകളാണ് വഹിക്കുക. 'ഗോള്‍ഡന്‍ അവര്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്' എന്നപേരില്‍ പദ്ധതി നടപ്പാക്കും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാടുവരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഇടനാഴിയുടെ (പിങ്ക് ലൈന്‍) പണി ഇക്കൊല്ലംതുടങ്ങും. യാത്രക്കാരുടെ സഞ്ചാരം തടസ്സമില്ലാത്തതാക്കാന്‍ അന്തിമമായി ഇത് തിരുവനന്തപുരം-കാസര്‍കോട് അര്‍ധഅതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനുമായും ബന്ധിപ്പിക്കും. സില്‍വര്‍ലൈന്‍ പദ്ധതി അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. പൂര്‍ണമായും ഹരിതപദ്ധതിയായാണ് വിഭാവനംചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഇലക്‌ട്രിക് റോ-റോ സര്‍വീസും കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന കേരളത്തിലെ ആദ്യ ജലബസും ഇക്കൊല്ലം തുടങ്ങുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

മറ്റു പ്രഖ്യാപനങ്ങള്‍

* കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന കൃഷിരീതികള്‍ക്ക് ഊന്നല്‍

* നെല്‍വയല്‍ ഉടമകള്‍ക്ക് സാമ്ബത്തികസഹായം.

* കൃഷിഭവനുകളില്‍ ഫ്രണ്ട് ഓഫീസ് വരും

* കൃഷിയിടങ്ങളില്‍ ഓട്ടോമേഷന്‍ പ്രോത്സാഹനം

* വിദഗ്ദ്ധ തൊഴില്‍, കൃഷിയുപകരണങ്ങള്‍ വാടകയ്ക്കെടുക്കല്‍, ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക് കൃഷിശ്രീ ഏകജാലക വിതരണസംവിധാനം.

* മാതൃകാ വെറ്ററിനറി സ്ഥാപനങ്ങള്‍ വികസിപ്പിക്കും

* സഹകരണസംഘങ്ങളുടെ ഉത്‌പന്നങ്ങള്‍ 'കോ-ഓപ് മാര്‍ക്ക്' എന്ന ബ്രാന്‍ഡിലാക്കും.

* കാലാവസ്ഥാ വ്യതിയാന ലഘൂകരണം, അതിജീവനം എന്നിവയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ ഉജ്വല്‍ ഫെലോഷിപ്പ്‌ പ്രോഗ്രാം.

* പാരിസ്ഥിതികവിഷയങ്ങളില്‍ ഗവേഷണ പ്രോജക്ടുകള്‍ക്ക് പരിസ്ഥിതിശാസ്ത്രം, എന്‍ജിനിയറിങ് ബിരുദാനന്തര ബിരുദവിദ്യാര്‍ഥികള്‍ക്ക് വിദ്യാപോഷിണി ഫെലോഷിപ്പ്‌.

* ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ നയം

* എല്ലാ മറൈന്‍ ജില്ലകളിലും ഫിഷറീസ് സ്റ്റേഷന്‍

* ഗുണമേന്മയുള്ള മത്സ്യലഭ്യത ഉറപ്പാക്കല്‍, ശുചിത്വമുള്ള സാഹചര്യത്തില്‍ മത്സ്യവില്‍പ്പന പ്രോത്സാഹനം, മത്സ്യത്തിന് ന്യായവില ഉറപ്പാക്കല്‍ എന്നിവയ്ക്ക് നിയമം

* ഇ-റേഷന്‍കാര്‍ഡ് ഇക്കൊല്ലം. അപേക്ഷകര്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പ്രിന്റെടുക്കാം

* കടുവ പുനരധിവാസകേന്ദ്രം തുടങ്ങും

* താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്യും

* പ്രമാണ രജിസ്‌ട്രേഷനില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികത സംയോജിപ്പിക്കും

* തിരുവനന്തപുരത്ത് പൊഴിയൂരില്‍ പുതിയ മത്സ്യബന്ധനതുറമുഖം

* അഴിമുഖങ്ങള്‍ വര്‍ഷം മുഴുവന്‍ തുറന്നുവെക്കാന്‍ റിവര്‍ ട്രെയിനിങ് വര്‍ക്‌സ് പദ്ധതി

* ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിന് അമ്മമനസ്സ്, ആത്മഹത്യാപ്രതിരോധ പരിപാടി, ആദിവാസി, തീരദേശമേഖലകള്‍ക്ക് പ്രത്യേക മാനസികാരോഗ്യപരിപാടി എന്നിവ ഈ വര്‍ഷം

* ഭക്ഷ്യശുചിത്വ നിലവാരമുയര്‍ത്താന്‍ സംവിധാനം

* സര്‍വകലാശാലകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകൃതരീതിയിലും യഥാസമയത്തുംവരുന്ന അക്കാദമിക് സെഷന്‍ മുതല്‍

* സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകര്‍ക്ക് മാന്യമായ സേവന-വേതനം

* പുതിയ ഹൗസിങ് നയം ഈവര്‍ഷം.

* സ്ത്രീത്തൊഴിലാളികള്‍ക്കായി കൈത്തറി കുടുംബേക്ഷമപദ്ധതി

* തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട കാമ്ബസില്‍ നാലരലക്ഷം ചതുരശ്രയടിയില്‍ പുതിയ ഐ.ടി. കെട്ടിടം

* കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ മൂന്നുലക്ഷം ചതുരശ്രയടിയില്‍ രണ്ടാമത്തെ ഐ.ടി. കെട്ടിടം

* ടെക്‌നോസിറ്റിയില്‍ എ.ആര്‍-വി.ആര്‍. സൗകര്യങ്ങളോടെ ഡിജിറ്റല്‍ മ്യൂസിയം

* തിരഞ്ഞെടുത്ത നദീതടങ്ങള്‍ക്കായി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികള്‍

* പ്രധാന സംസ്ഥാനപാതകള്‍ നാലുവരിയാക്കും

* ട്രാവന്‍കൂര്‍ പൈതൃകപദ്ധതി ഈ വര്‍ഷം

* തീവ്രവാദം തടയാന്‍ ആഭ്യന്തരവകുപ്പില്‍ കൗണ്ടര്‍ ഇന്റലിജന്റ്‌സ് പദ്ധതി

* വെള്ളപ്പൊക്കം ലഘൂകരിക്കുന്ന വിദഗ്ദ്ധസ്ഥാപനങ്ങളെയും ഭൂവിനിയോഗ മാനേജ്‌മെന്റ് വിദഗ്ധരെയും ഉള്‍പ്പെടുത്തി വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയല്‍ പദ്ധതി

* തിരുവനന്തപുരത്ത് 30 കോടി ചെലവില്‍ ഡാംസേഫ്റ്റി ആസ്ഥാനം

* വനിതകള്‍ കുടുംബനാഥകളായ വീടുകളില്‍ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായാല്‍ പരമാവധി 50,000 രൂപവരെ ഒറ്റത്തവണ സാമ്ബത്തികസഹായം നല്‍കുന്ന അതിജീവികപദ്ധതി

Related News