Loading ...

Home Education

ജെഎന്‍യു: നിലവിലെ രജിസ്‌ട്രേഷന് പുതുക്കിയ ഫീസോ പിഴയോ ബാധകമാകില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി തീരുമാനത്തെത്തുടര്‍ന്ന് ജനുവരി 24 മുതല്‍ ഫെബ്രുവരി മൂന്നുവരെ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന് ഹോസ്റ്റലുകളുടെ പുതുക്കിയ റൂം വാടക ഈടാക്കില്ലെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മൂന്നുവരെ വിദ്യാര്‍ഥികള്‍ക്ക് പിഴയില്ലാതെ രജിസ്‌ട്രേഷന്‍ നടത്താമെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാര്‍ വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പഴയ ഹോസ്റ്റല്‍ മാനുവല്‍ പ്രകാരം ഇത് പൂര്‍ത്തിയാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ജനുവരി 24-ന് വ്യക്തമാക്കിയിരുന്നു. ഹോസ്റ്റല്‍ മാനുവല്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സ്റ്റുഡന്റ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍വകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് രാജീവ് ശക്ധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും (എംഎച്ച്‌ആര്‍ഡി) യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 2019 ഒക്ടോബര്‍ 28-ന് പുറപ്പെടുവിച്ച ഇന്റര്‍ ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ഭാരവാഹികളായ സാകേത് മൂണ്‍, സതീഷ് ചന്ദ്ര യാദവ്, ഡാനിഷ് എന്നിവര്‍ ചേര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡ്രാഫ്റ്റ് ഹോസ്റ്റല്‍ മാനുവല്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹോസ്റ്റല്‍ മാനുവലില്‍ ഭേദഗതി വരുത്താനുള്ള തീരുമാനങ്ങള്‍ 1966ലെ ജെഎന്‍യു ചട്ടങ്ങള്‍, ഓര്‍ഡിനന്‍സുകള്‍, ഹോസ്റ്റല്‍ മാനുവല്‍ എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു.

Related News