Loading ...

Home Education

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ സിബിഎസ്‌ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിദ്യാലയങ്ങളില്‍ നോട്ടീസ് നല്‍കിയോ അല്ലാതെയോ പ്രതിവാര പരിശോധനകള്‍ നടത്താനും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സി ബി എസ് ഇ സ്‌കൂളുകള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി എടുക്കുന്നുണ്ടെന്ന് ബോര്‍ഡ് അറിയിച്ചെങ്കിലും പരിശോധന ഒന്നും ഇല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ ഒരു നിയന്ത്രണവും ഇല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ചില നിര്‍ദേശങ്ങള്‍ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷന്‍ 2016 ഓഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. ഭാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ടു നിര്‍മിച്ച ബാഗുകളാണ് കുട്ടികള്‍ കൊണ്ടുവരുന്നതെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് കുടിക്കാന്‍ ക്ലാസ് മുറികളില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കാനും, വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ ബാഗ് പരിശോധിച്ച്‌ അനാവശ്യ സാധനങ്ങള്‍ ക്ലാസില്‍ കൊണ്ടു വരുന്നില്ലെന്ന് ടീച്ചര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Related News