Loading ...

Home Kerala

കേരളത്തിലെ ഗ്രാമീണമേഖയില്‍ 88 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍

കോട്ടയം: കേരളത്തിലെ ഗ്രാമീണമേഖലയില്‍ സാന്പത്തികമായി പിന്നാക്കംനില്‍ക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരില്‍ നാലില്‍ മൂന്ന് കുടുംബങ്ങളും വായ്പാതവണകള്‍ അടച്ചശേഷം മറ്റു വീട്ടുചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്നു. നിലവിലുള്ള കടം അടയ്ക്കാന്‍ വീണ്ടും കടമെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതോടെ കടക്കെണിയില്‍ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാള്‍ കൂടുതലാണ്. മറ്റൊരു നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക്ക് ആന്‍ഡ്‌ എന്‍വയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. കൂടുതല്‍ വായ്പകളും കാര്‍ഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നതാണ് പ്രധാന കാര്യം. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്ബനികള്‍ എന്നിവയുടെ സംഘവായ്പകള്‍ സ്ത്രീകള്‍ക്കുമാത്രമേ ലഭ്യമാകുന്നുള്ളൂവെന്നതിനാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പേരിലുള്ളതിനെക്കാള്‍ രണ്ടര ഇരട്ടി വായ്പകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍, ലഭ്യമാകുന്ന വായ്പകള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഇവര്‍ക്ക് കുറഞ്ഞ അധികാരമേയുള്ളൂ. 50 ശതമാനംപേര്‍ക്കും തുകവിനിയോഗത്തില്‍ യാതൊരു പങ്കുമില്ല. സംഘവായ്പയെടുത്ത സ്ത്രീകളില്‍ 10 ശതമാനത്തില്‍ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണെന്നാണ് പഠനം നല്‍കുന്ന വിവരം. വീടുനിര്‍മാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങള്‍ വീട്ടല്‍ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. ഒരാള്‍ രണ്ടില്‍ കൂടുതല്‍
കമ്പനികളില്‍നിന്ന്‌ വായ്പയെടുക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളില്‍നിന്നുവരെ വായ്പയുള്ളവരുണ്ട്. മൈക്രോഫിനാന്‍സ് സംഘവായ്പകള്‍ക്കുമേല്‍ നിലനില്‍ക്കുന്ന ഔദ്യോഗികനിയന്ത്രണങ്ങളെക്കുറിച്ച്‌ സ്ത്രീകളെ ബോധവതികളാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം  നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.




Related News