Loading ...

Home youth

ഗവേഷണ മേഖലയില്‍ പുതിയ പ്രതിസന്ധി by ഷിജൂഖാന്‍

രാജ്യത്തിന്‍െറ ഭാവി നിര്‍ണയിക്കുന്ന പ്രധാന വിഭാഗമാണ് സര്‍വകലാശാല ഗവേഷകര്‍. ജ്ഞാനമണ്ഡലത്തിന്‍െറ വികാസം സാധ്യമാകുന്നത് അക്കാദമിക ഗവേഷണത്തിലൂടെയാണ്. ഗവേഷണ സംവിധാനമുള്ള സര്‍വകലാശാലകളും സര്‍വകലാശാല പദവിയില്‍ പ്രവര്‍ത്തിക്കുന്നതുമായി 19 സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍, ഇതര അക്കാദമിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗവേഷണത്തിന് അവസരം ലഭിക്കുന്നു. സംസ്ഥാനത്തിന്‍െറ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയുമായും വികസനാവശ്യവുമായും ഗവേഷണത്തെ കണ്ണിചേര്‍ക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത്. ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹികശാസ്ത്രം, കല, ആരോഗ്യം, ഭാഷകള്‍, മത്സ്യസമുദ്രപഠനം, മൃഗപരിപാലനം, കൃഷിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലായി ആയിരക്കണക്കിന് ഗവേഷകരും നൂറുകണക്കിന് മാര്‍ഗനിര്‍ദേശകരും (ഗൈഡ്) സംസ്ഥാനത്തുണ്ട്. ഫെലോഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടിസ്ഥാന സൗകര്യക്കുറവും പ്രോജക്ടുകള്‍ക്ക് അനുമതി ലഭിക്കാനുള്ള കാലതാമസവും ഈ മേഖല നേരിടുന്ന പ്രതിസന്ധിയാണ്.


കേരളത്തിലെ ഗവേഷകര്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ മറ്റൊരു പ്രശ്നം ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. ഏഴു വര്‍ഷം മുമ്പ് ഇറങ്ങിയ യു.ജി.സി റെഗുലേഷന്‍ നടപ്പാക്കുന്നതിന്‍െറ മറവില്‍ ഗവേഷകരെ വേട്ടയാടുകയാണ് സര്‍വകലാശാലാ അധികൃതര്‍. ഗവേഷണ നിലവാരം ഉയര്‍ത്താന്‍ എന്ന വാദത്തോടെ റെഗുലര്‍ അധ്യാപകരെ മാത്രമേ ഗൈഡുകളായി സ്വീകരിക്കാവൂ എന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ ഉത്തരവ്. 2009-16 കാലയളവില്‍ അനേകം വിദ്യാര്‍ഥികള്‍ ഗവേഷണത്തിന് ചേര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം രണ്ട് സെഷനുകളിലായാണ് പ്രവേശം. എന്നാല്‍, ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴോ രജിസ്ട്രേഷന്‍ നടത്തിയപ്പോഴോ ഡോക്ടറല്‍ കമ്മിറ്റിക്ക് ക്ഷണിച്ചപ്പോഴോ പ്രവേശ അനുവാദം നല്‍കുന്ന ഉത്തരവ് ഇറക്കിയപ്പോഴോ ഇങ്ങനെ ഒരു റെഗുലേഷനെപ്പറ്റി അധികൃതര്‍ മിണ്ടിയില്ല. സര്‍വകലാശാലയില്‍ ഈ റെഗുലേഷന്‍ നടപ്പാക്കിയിട്ടുമില്ല. എന്നാല്‍, വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം 2016 ഡിസംബറിലെ ഒരു ഉത്തരവിലൂടെ റെഗുലേഷന്‍ നിര്‍ബന്ധമാക്കുന്ന തീരുമാനം വന്നു. പക്ഷേ, മുന്‍കാലപ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കുക.

2009നുശേഷം ഗവേഷണത്തിന് ചേര്‍ന്ന മുഴുവന്‍ പേരും റെഗുലേഷന്‍ പാലിക്കണമെന്ന് അര്‍ഥം (ഇതിനിടയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവരെയും ഇത് ഭാവിയില്‍ ബാധിച്ചേക്കാം). ഉത്തരവ് ഇറക്കിയ തീയതി മുതല്‍ പുതുതായി ഗവേഷണത്തിനു ചേരുന്നവര്‍ ഈ നിയമം പാലിക്കണമെന്ന് നിഷ്കര്‍ഷിക്കാം. എന്നാല്‍, നിലവില്‍ ഗവേഷണം നടത്തുന്നവരെ ഗവേഷണകാലയളവ് പൂര്‍ത്തിയാക്കാന്‍ ആവശ്യമുള്ള സമയം നല്‍കാതെ റെഗുലേഷന്‍ അടിച്ചേല്‍പിക്കുന്നത് നീതിയല്ല.
വിരമിച്ച പ്രഫസര്‍മാരുടെ മേല്‍നോട്ടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ ഗവേഷണത്തിന് ചേര്‍ന്നിട്ടുണ്ട്. കേരള സര്‍വകലാശാല നിയമം അത് അനുവദിക്കുന്നു. സര്‍വകലാശാലയുടെ അംഗീകൃത മാര്‍ഗദര്‍ശികളുടെ പട്ടികയില്‍ ഉള്ളവരെയാണ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍,  യു.ജി.സി 2009 റെഗുലേഷന്‍ അനുസരിച്ച് റെഗുലര്‍ അധ്യാപകരെ മാത്രമേ മാര്‍ഗദര്‍ശികളാക്കാന്‍ സാധിക്കൂ. വിരമിച്ച അധ്യാപകര്‍ക്കൊപ്പം ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥിക്ക് സര്‍വകലാശാല രണ്ടു പോംവഴി നിര്‍ദേശിച്ചു. ജൂണ്‍ 15നുമുമ്പ് പുതിയ ഗൈഡിനെ ആശ്രയിക്കണം അല്ളെങ്കില്‍ ജൂലൈ 15നുമുമ്പ് പ്രബന്ധം സമര്‍പ്പിക്കണം. രണ്ടായാലും ഗവേഷകന്‍ വലഞ്ഞതുതന്നെ.

നിശ്ചിതസമയം എടുത്ത് പൂര്‍ത്തിയാക്കേണ്ട പ്രബന്ധം ഉടനടി തീര്‍ത്താല്‍ അത് ഗുണനിലവാരത്തെ ബാധിക്കും. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയോ ആഴമേറിയ അന്വേഷണങ്ങളിലൂടെയോ ആണ് ശാസ്ത്രീയമായ ഒരു ഗവേഷണ പ്രബന്ധം ജനിക്കുക. എന്നാല്‍, ഈ പ്രക്രിയയെ സാരമായി ബാധിക്കുന്നതാണ് പുതിയ നിര്‍ദേശം. ഓരോ അധ്യാപകനും അവരവരുടെ പഠനവിഭാഗങ്ങളില്‍തന്നെ പ്രത്യേക പ്രാവീണ്യം നേടിയ മേഖലകളുണ്ടാകും. അതില്‍ അഭിരുചിയും താല്‍പര്യവുമുള്ളവരാണ് ഗവേഷണത്തിന് എത്തുക. കേരള സര്‍വകലാശാല കെമിസ്ട്രി വിഭാഗത്തിലെ ഓരോ അധ്യാപകനും സവിശേഷ അറിവ് നേടുന്നത് കെമിസ്ട്രിയിലെതന്നെ വ്യത്യസ്ത പ്രത്യേക ശാഖകളിലാണ്. ഫിസിക്കല്‍ കെമിസ്ട്രിയിലോ ഓര്‍ഗാനിക് കെമിസ്ട്രിയിലോ ഇനോര്‍ഗാനിക് കെമിസ്ട്രിയിലോ ഉള്ള അഞ്ചു വര്‍ഷത്തെ ഗവേഷണ കാലത്ത് നാലുവര്‍ഷം ഒരു ഗൈഡിനൊപ്പവും അഞ്ചാം വര്‍ഷം ഈ വിഷയത്തില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു മേഖലയില്‍ പ്രവീണ്യം നേടിയ ആള്‍ക്കൊപ്പവും ഗവേഷണം നടത്തേണ്ടിവരുക എത്ര വിഷമകരമാണ്.

 à´®à´¾à´¨à´¸à´¿à´•à´¸à´‚ഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും നടുവിലാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍. അധ്യാപകരും കടുത്ത ആശങ്കയിലാണ്.
റീഅലോക്കേഷന്‍ (പുനര്‍വിന്യാസം എന്നു പേരിട്ട നിര്‍ബന്ധിത പ്രക്രിയയിലൂടെയാണ് ഗവേഷകര്‍ പുതിയ ഗൈഡിനൊപ്പം ചേരുക. ഇത് യു.ജി.സി പറയുന്നില്ല. നിലവിലുള്ള നിയമമനുസരിച്ച് എട്ടു വിദ്യാര്‍ഥികളെയാണ് പരമാവധി ഒരു അധ്യാപകന് ഗൈഡ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍, വിരമിച്ച അധ്യാപകര്‍ക്കൊപ്പമുണ്ടായിരുന്ന ഗവേഷകരെ പുനര്‍വിന്യാസത്തിന്‍െറ ഭാഗമായി നിലവിലുള്ള അധ്യാപകര്‍ക്കൊപ്പം ചേര്‍ക്കുമ്പോള്‍ പരമാവധി എട്ട് എന്ന സംഖ്യ കടക്കും. എട്ടുപേരിലധികം ഗവേഷകരായി എത്തിയാല്‍ അവരുടെ ഗവേഷണത്തിനു സാധുതയുണ്ടോ എന്ന പ്രശ്നം ഭാവിയില്‍ വന്നേക്കാം. 2009നുശേഷം പ്രബന്ധം സമര്‍പ്പിച്ച് ബിരുദം നേടിയവരുടെ കാര്യത്തിലും പ്രശ്നം വന്നേക്കാം. യു.ജി.സി റെഗുലേഷന്‍ 2009 മുതല്‍, പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ ഗവേഷണ പ്രബന്ധങ്ങളില്‍ പലതും റെഗുലേഷന് വിരുദ്ധമായിട്ടാണ് എന്ന വ്യാഖ്യാനമുണ്ടായേക്കാം.
പുനര്‍വിന്യാസപ്രക്രിയ സാരമായി ബാധിക്കുന്നത് പുതുതായി ഗവേഷണം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെയാണ്.

നിലവിലുള്ള ഗവേഷകരെ റെഗുലര്‍ അധ്യാപകരോടൊപ്പം വിന്യസിച്ചുകഴിഞ്ഞാല്‍ 45 വര്‍ഷത്തേക്ക് ഒരു ഗൈഡിനു കീഴിലും പുതിയ ഗവേഷകര്‍ക്ക് ഒഴിവ് ഉണ്ടാവില്ല. നെറ്റ് യോഗ്യത നേടിയവരും സര്‍വകലാശാല പ്രവേശപരീക്ഷ വിജയിച്ചവരും എം.ഫില്‍ കോഴ്സ് കഴിഞ്ഞവരുമായി നൂറുകണക്കിന് പേര്‍ ഗവേഷണത്തിന് തയാറെടുക്കുകയാണ്. എന്നാല്‍, ഗൈഡിനു കീഴില്‍ സീറ്റില്ലാതെ വന്നാല്‍ അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.


യു.ജി.സി ജെ.ആര്‍.എഫ്, പട്ടികജാതി /പട്ടികവര്‍ഗ-മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ കേന്ദ്ര സ്കോളര്‍ഷിപ്, ഇതര ദേശീയ ഫെലോഷിപ്പുകള്‍ എന്നിവക്ക് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷത്തിനകം ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ തുക നഷ്ടപ്പെടും. എല്ലാ പഠനവിഭാഗങ്ങളിലും ഒട്ടേറെ അധ്യാപക പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

പുതിയ സ്ഥിരംനിയമനങ്ങള്‍ നടത്തുന്നുമില്ല. അവിടങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ വഴിയാധാരമാകും. ഇന്ത്യയില്‍ പല സര്‍വകലാശാലകളിലും കോളജുകളിലും ഗവേഷണത്തിന്‍െറ നിലവാരം കുറഞ്ഞുപോകുന്നത് വാസ്തവം തന്നെയാണ്. സ്ഥിരാധ്യാപകരെ നിയമിക്കാതെ പുറത്തുനിന്നുള്ള അധ്യാപകരെ പ്രയോജനപ്പെടുത്തി സര്‍വകലാശാലകള്‍ യു.ജി.സി ഫണ്ട് കൈക്കലാക്കുന്ന സ്ഥിതിയുമുണ്ട്. എന്നാല്‍, ഒരു ഉത്തരവിലൂടെ മുന്‍കാല പ്രാബല്യം നല്‍കിക്കൊണ്ട് ഇത് അടിച്ചേല്‍പിക്കുന്നത് ശരിയല്ല.

2016നുശേഷം പ്രവേശം നേടുന്നവര്‍ക്ക് റെഗുലേഷന്‍ ബാധകമാക്കാനുള്ള ചര്‍ച്ച നടത്താം. വി.സി പുറത്തിറക്കിയ അക്കാദമിക വിരുദ്ധ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതിയുടെ വിധി വന്നിട്ടുണ്ട്. ഇനിയെങ്കിലും ഗവേഷകരെ പീഡിപ്പിക്കുന്ന നയം തിരുത്തണം. അധ്യാപകരും വിദ്യാര്‍ഥികളും ബഹുജനങ്ങളും ഒത്തുചേര്‍ന്ന് ഈ നിലപാടുകളെ ചെറുക്കണം.
(കേരള സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍)

Related News