Loading ...

Home Kerala

ഇന്ന് മകരവിളക്ക്; പൂങ്കാവനം നിറഞ്ഞ് അയ്യപ്പന്‍മാര്‍

ശബരിമല: മകരവിളക്ക് തൊഴാനൊരുങ്ങി ശബരിമല സന്നിധാനം. ബുധനാഴ്ച വൈകീട്ട് 6.45-നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശനം. മകരജ്യോതി കാണാവുന്ന ഇടങ്ങളിലെല്ലാം തീര്‍ഥാടകര്‍ നിറഞ്ഞിരിക്കുകയാണ്. ശക്തമായ സുരക്ഷയൊരുക്കി പൊലീസും വമ്ബിച്ച സജ്ജീകരണങ്ങളുമായി ദേവസ്വം ബോര്‍ഡും മകരവിളക്കിനൊരുങ്ങിക്കഴിഞ്ഞു. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, ബുധനാഴ്ച വൈകീട്ട് 5.15-ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച്‌ ആനയിക്കും. ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് 6.30-ന് പൊന്നമ്പലവാസന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടത്തും. ബുധനാഴ്ച ഒരുമണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക് നട തുറക്കും. ക്രമീകരണങ്ങള്‍ പൂര്‍ണമെന്ന് ദേവസ്വം ബോര്‍ഡ് മകരവിളക്കിനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ഥം സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തില്‍ അറിയിച്ചു. തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം. പാസ് ലഭിച്ചവര്‍ക്ക് 5.15 വരെമാത്രം പ്രവേശനം നല്‍കും. കൊടിമരത്തിന് സമീപത്തും സോപാനത്തും നില്‍ക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിലുപരിയായി കൂടുതല്‍പേര്‍ക്ക് നില്‍ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പട്ടികയിലില്ലാത്തവര്‍ ഈ ഭാഗങ്ങളിലേക്ക് പ്രവേശനത്തിന് മുതിരരുതെന്ന് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ദേവസ്വം ബോര്‍ഡിന്റെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മിഷ്ണര്‍ ബി.എസ്. തിരുമേനി, ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി. ബിജോയ് പ്രഭാകര്‍, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ദാസ്, എന്‍.ഡി.ആര്‍.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ആര്‍.എ.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് എം. ദിനേശ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വി. വിജയമോഹനന്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷ മകരവിളക്ക് കഴിഞ്ഞശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകര്‍മസേനയും എന്‍.ഡി.ആര്‍.എഫും യോജിച്ച്‌ പ്രവര്‍ത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പര്‍ണശാലകള്‍ക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയര്‍ഫോഴ്സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്. മകരവിളക്ക് തൊഴുതിറങ്ങുന്ന പാണ്ടിത്താവളത്തു നിന്നുള്ള തീര്‍ഥാടകരെ അന്നദാന മണ്ഡപത്തിന് സമീപത്തുകൂടി ബെയ്ലി പാലം വഴിയും 108 പടി ഇറങ്ങുന്നവരെ ദേവസ്വം ഗസ്റ്റ് ഹൗസിന് പിന്നിലൂടെ കൊപ്രാക്കളത്തിന് സമീപത്തെ റോഡിലൂടെയും പമ്പയിലേക്ക് വിടും.





Related News