Loading ...

Home Kerala

ജനുവരി 11ന് പുലര്‍ച്ചെ മലയാളികള്‍ കണ്ട ആകാശ വിസ്മയത്തിന്റെ രഹസ്യം ഇതാണ്

ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറന്നെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ജനുവരി 11 ശനിയാഴ്ച പുലര്‍ച്ചക്ക് 5.34 മുതല്‍ 5.36 വരെ ആകാശത്ത് വടക്ക് കിഴക്ക് ദിശയില്‍ മുത്ത് കോര്‍ത്തതുപോലെ വരിയായി നീങ്ങിയ പ്രകാശപ്പൊട്ടുകള്‍പലയിടങ്ങളിലും ആളുകള്‍ക്ക് അത്ഭുതക്കാഴ്ചയായിരുന്നു. ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ജനുവരി ഏഴാം തിയതി ഇന്ത്യന്‍ സമയംരാവിലെ 8.49 ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് തൊടുത്തുവിട്ട ഉപഗ്രങ്ങളായിരുന്നു അവ. ഉപഗ്രഹ ശൃംഖല ദൃശ്യമായ സമയവും ഉപഗ്രഹങ്ങളുടെ സഞ്ചാരപഥവും നേരത്തെ നിശ്ചയിക്കപ്പെട്ടസമയക്രമവുമായി ഒത്തു പോകുന്നതാണ്. ജനുവരി 11ന് അതിരാവിലെ 5.34 മുതല്‍ 5.36 വരെ ആകാശത്തില്‍ വടക്കുകിഴക്കായി 2.9 കാന്തിമാനത്തോടെ ഉപഗ്രഹങ്ങളുടെ സഞ്ചാരം നമുക്കിവിടെ നിന്നും ദൃശ്യമാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഉപഗ്രഹങ്ങള്‍ അന്തിമ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതോടെ ഭൂമിയില്‍ നിന്നും അവ ദൃശ്യമാകാനുള്ള സാധ്യത ഇല്ലാതാകും. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ചുമലിലേറി പറന്നുയര്‍ന്നത് 60 ഉപഗ്രഹങ്ങളാണ്. സ്‌പെയ്‌സ് - എക്‌സ് (SpaceX) എന്ന സ്വകാര്യ കമ്പനി വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക് (STARLINK) എന്ന കൂറ്റന്‍ ഉപഗ്രഹ ശൃംഖലയുടെ മൂന്നാം ഘട്ടമായിട്ടാണ് ജനുവരി ഏഴിന് അറുപത് ഉപഗ്രങ്ങളുമായി ഫാല്‍ക്കണ്‍ പറന്നുയര്‍ന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി 60 വീതം ഉപഗ്രഹങ്ങള്‍ 2019 മെയ് മാസത്തിലും നവംബറിലും അയക്കുകയുണ്ടായി. ആദ്യമയച്ച രണ്ട് പരീക്ഷണ ഉപഗ്രഹങ്ങളടക്കം 182 ഉപഗ്രഹങ്ങളാണ് ഇതുവരെ ഈ ശൃംഖലയില്‍ വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഉപഗ്രഹങ്ങളെ വളരെ താഴ്ന്ന ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട് അതി വേഗതയുള്ളതും ചെലവു കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് കമ്ബനിയുടെ ആത്യന്തിക ലക്ഷ്യം. സ്‌പെയ്‌സ്- എക്‌സ് 12000 ഉപഗ്രഹങ്ങള്‍വിക്ഷേപിക്കുന്നതിനുള്ള അനുമതിഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്. 800 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉപഗ്രഹ ശൃംഖല പ്രവര്‍ത്തിച്ചുതുടങ്ങും. അതിനിനിയും ഒരു ഡസനോളം വിക്ഷേപണങ്ങള്‍ കഴിയണം. 42000 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച്‌ പദ്ധതി പൂര്‍ത്തിയാക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വ്യവസായ പ്രമുഖനും ടെസ്ലയുടെ സിഇഒ യുമായ എലന്‍ മസ്‌കിന്റെ കമ്പനിയാണ് സ്‌പേസ്-എക്‌സ് . വന്‍ വ്യവസായ സാധ്യത ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ പദ്ധതി പക്ഷേ ജ്യോതിശാസ്ത്ര ഗവേഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്രയേറെ ഉപഗ്രഹങ്ങളില്‍ നിന്നുള്ള പ്രകാശം ആകാശത്തിന്റെ വലിയൊരു ഭാഗത്തെത്തന്നെ നിരീക്ഷണ യോഗ്യമല്ലാതാക്കും എന്ന ആശങ്കയാണവര്‍ പങ്കു വയ്ക്കുന്നത്. ഇപ്പോള്‍ ബഹിരാകാശത്ത് പ്രവര്‍ത്തനനിരതമായിരിക്കുന്ന ആകെ കൃത്രിമോപഗ്രഹങ്ങള്‍ 2100- ഓളമാണ്. അതിന് പുറമേയാണ് ഈ കൂറ്റന്‍ ഉപഗ്രഹശൃംഖല.



Related News