Loading ...

Home Business

ആണവോര്‍ജ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍

മുംബൈ: രാജ്യത്തെ ആണവോര്‍ജ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചേക്കും. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പിലായാല്‍ ആഗോള ഊര്‍ജ കമ്ബനികള്‍ക്ക് ഇന്ത്യയിലെ ആണവോര്‍ജ മേഖലയില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കും. തീരുമാനം നടപ്പിലായാല്‍ കാലങ്ങളായി തുടരുന്ന നയത്തില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യതിചലിക്കുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ ഇതിനായി ഭേദഗതി വരുത്തേണ്ടി വരും. നിയമം ഭേദഗതി ചെയ്താല്‍ ആണവോര്‍ജ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനാകുമോയെന്ന് ആണവോര്‍ജ വകുപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ആണവോര്‍ജ കമ്മീഷനാണ് വിദേശനിക്ഷേപം സംബന്ധിച്ച ശുപാര്‍ശ ആണവോര്‍ജ വകുപ്പിന് കൈമാറിയത്. വിഷയത്തില്‍ വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാമെന്ന നിലപാടാണ്‌ ആണവോര്‍ജ വകുപ്പിനുള്ളത്. ആണവോര്‍ജ നിയമത്തില്‍ എവിടെയും സ്വകാര്യ പങ്കാളിത്തം തടഞ്ഞിട്ടില്ലെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ പങ്കാളിത്തം നിയമം തടയുന്നില്ലെങ്കിലും സര്‍ക്കാരിന്റെ വിദേശ നിക്ഷേപ നയ പ്രകാരം ആണവോര്‍ജ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാധ്യമല്ല. നയത്തില്‍ മാറ്റം വരുത്തിയാല്‍ ആണവോര്‍ജ മേഖലയിലെ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ സാധിക്കുമെന്നും ആണവോര്‍ജ വകുപ്പ് കരുതുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബഹുരാഷ്ട്ര ഊര്‍ജ കമ്ബനികള്‍ ഇന്ത്യയിലെ ആണവോര്‍ജ മേഖലയില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നാണ് വിവരങ്ങള്‍. ഇന്ത്യയിലാകെ ഏഴ് ആണവലനിലയങ്ങളിലായി 22 ആണവ റിയാക്ടറുകളാണ് ഇപ്പോഴുള്ളത്. 6780 മെഗാവാട്ട് വൈദ്യുതിയാണ് ഇവയുടെ ആകെ ശേഷി. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കപ്പെടുകയാണെങ്കില്‍ വലിയ തോതിലുള്ള നിക്ഷേപമായിരിക്കും ഇതിലേക്ക് എത്തുക.

Related News