Loading ...

Home Kerala

വിമാനത്താവള, തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപ അവസരങ്ങള്‍

കൊച്ചി: വിമാനത്താവള, തുറമുഖ മേഖലയിലെ നൂതന നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിച്ച്‌ അസെന്‍ഡ് 2020. അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ പ്രൊജക്‌ട്സ് ഓണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എയ്റോ പൊളിസ് ആന്റ് പോര്‍ട്ട്സ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് വിമാനത്താവള, തുറമുഖ മേഖലയിലെ വന്‍ വികസന കാഴ്ചപ്പാടുകളും നിക്ഷേപ അവസരങ്ങളും അവതരിപ്പിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ വാണിജ്യ, വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ അന്താരാഷട്ര ട്രാന്‍സ്ഷിപ്പ്മെന്‍റ് ഹബ്ബ് എന്ന നിലയിലാണ് വിഴിഞ്ഞം വികസിപ്പിക്കുന്നത്. വിഴിഞ്ഞത്തിന്റെ വികസന സാധ്യത കണക്കിലെടുത്ത് എല്ലാ ദേശീയ, സംസ്ഥാന പാതകളുമായും ജില്ലാ റോഡുകളുമായും ബന്ധിപ്പിക്കുന്ന അര്‍ധ വൃത്താകൃതിയിലുള്ള സിഗ്നല്‍ ഫ്രീ റോഡ് നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളുള്ളതിനാല്‍ അഴീക്കല്‍ തുറു മുഖവും വളരെ പ്രാധാന്യമുള്ളതാണ്. മലബാര്‍ മേഖലയുടെ സമഗ്ര വികസനത്തിന് നിര്‍ണ്ണായക പങ്കു വഹിക്കാന്‍ അഴീക്കല്‍ തുറമുഖ വികസനത്തിലൂടെ സാധിക്കും. ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍ തുറമുഖങ്ങളും വലിയ നിക്ഷേപ സാധ്യതകളാണ് നല്‍കുന്നത്. ആലപ്പുഴയില്‍ മറൈന്‍ ആന്‍ഡ് പാസഞ്ചര്‍ ടെര്‍മിനല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായും ഇത് പ്രയോജനപ്പെടുത്തും. കൊല്ലം തുറമുഖത്തിനും പ്രത്യേക പരിഗണന നല്‍കി വികസിപ്പിക്കാനാണ് പദ്ധതി. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള എയര്‍ പൊളിസ് എന്ന നൂതനാശയവും ചര്‍ച്ചയില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ വലിയ വികസന സാധ്യതകളാണുള്ളതെന്ന് കണ്ണൂര്‍ വിമാനത്താവളം എം.ഡി. വി. തുളസീദാസ് പറഞ്ഞു. വാണിജ്യം, വ്യവസായം, ടൂറിസം മേഖല കളില്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് എയ്റോ പൊളിസ് സഹായകരമാകും. വിമാനത്താവളം കേന്ദ്രീകരിച്ച്‌ അടിസ്ഥാന സൗകര്യ വികസനം, മികച്ച റോഡുകള്‍, എയര്‍ പോര്‍ട്ട് വില്ലേജ്, ടൗണ്‍ഷിപ്പ്, ഹോട്ടലുകള്‍ എന്നിവ അടങ്ങുന്ന വികസന സങ്കല്‍പ്പമാണ് എയ്റോ പൊളിസ് . ഇന്ത്യയില്‍ ഒരിടത്തും ഇത് പൂര്‍ണ്ണമായി വികസിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ ടൗണ്‍ഷിപ്പും എയര്‍പോര്‍ട്ട് വില്ലേജും കണ്‍വെന്‍ഷന്‍ സെന്‍ററുകളും നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കി വരികയാണെന്ന് എം.ഡി. അറിയിച്ചു. നിക്ഷേപകര്‍ക്ക് വലിയ അവസരമാണിത്. വടക്കന്‍ കേരളത്തിലെ ടൂറിസം രംഗത്തെ മികച്ച സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഗതാഗത സൗകര്യത്തിന്റെ അഭാവം മൂലമാണിത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകും. 2300 ഏക്കറോളം സ്ഥലം ലഭ്യമാണ്. കൂടാതെ വിമാനത്താവളത്തിനടുത്തായി കിന്‍ഫ്ര സ്ഥലമേറ്റെടുത്തിട്ടുണ്ട്. ഈ ഭൂമി കൂടുതല്‍ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തുറമുഖങ്ങളിലെ വികസന സാധ്യതകളും പ്രശ്ന പരിഹാര മാര്‍ഗങ്ങളും കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു വിശദമാക്കി. തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫെറി ഷിപ്പുകള്‍ ആരംഭിക്കണമെന്നും കൂടുതല്‍ വെസ്സലുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹൗസ് ബോട്ടുകളുടെ ലൈസന്‍സ് റെഗുലറൈസ് ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Related News