Loading ...

Home National

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിച്ചേക്കും; നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടി നിലച്ചു. തുടര്‍ന്നാണ്, ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ ആധാര്‍നമ്ബര്‍ വ്യക്തികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാനാവില്ല. പുതുതായി വോട്ടര്‍ കാര്‍ഡിന്‌ അപേക്ഷിക്കുന്നവരോടും നിലവില്‍ പട്ടികയിലുള്ളവരോടും ആധാര്‍ നമ്ബര്‍ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 2011 സെന്‍സസ് പ്രകാരം 121.09 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. 123 കോടിയോളം പേര്‍ക്ക് ഇതുവരെ ആധാര്‍ കാര്‍ഡ് വിതരണംചെയ്തിട്ടുണ്ട്. ആധാര്‍ ലഭിച്ചവരില്‍ 35 കോടി പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 90 കോടിയോളം വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാല്‍ മിക്കവാറും വോട്ടര്‍മാര്‍ക്കെല്ലാം ആധാര്‍ ഉണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. എങ്കിലും, ജനസംഖ്യ ഇപ്പോള്‍ 133 കോടിയോളമെത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഇതുപ്രകാരം രാജ്യത്ത് 10 കോടിയോളം ജനങ്ങള്‍ ഇനിയും ആധാര്‍ ഇല്ലാത്തവരായുണ്ട്. ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുമ്ബോള്‍ സര്‍ക്കാര്‍ നേരിടാനിരിക്കുന്ന വെല്ലുവിളിയും ഇതാവും.

Related News