Loading ...

Home Kerala

ഉത്തര മലബാറില്‍ ആസ്ട്രോ ടൂറിസം പദ്ധതിയുമായി ബിആര്‍ഡിസി : ജ്യോതിശാസ്ത്രം ആധാരമാക്കി ടൂറിസം പാക്കേജുകള്‍

കണ്ണൂര്‍ : വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ വടക്കന്‍ കേരളം ഒരുങ്ങുമ്ബോള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളോടെ ആസ്ടോ ടൂറിസം പദ്ധതികളുമായി ബിആര്‍ഡിസി. ഡിസംബര്‍ 26ന് നടക്കുന്ന അപൂര്‍വ്വമായ സൂര്യഗ്രഹണം പൂര്‍ണ്ണതയോടെ കാണാന്‍ വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണ് ഉത്തര മലബാറിലെത്തുന്നത്. ഇതിന് തുടര്‍ച്ചയായി വാനനിരീക്ഷണത്തിലും ജ്യോതിശാസ്ത്രത്തിലും താല്‍പ്പര്യമുള്ള ടൂറിസ്റ്റുകളെ ഉത്തര മലബാറിലേക്ക് ആകര്‍ഷിക്കുന്നതിന് വിവിധ കാലയളവിലേക്കുളള പാക്കേജുകള്‍ വികസിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ബിആര്‍ഡിസി നടപടികള്‍ തുടങ്ങിയിരിക്കുന്നത്.വിവിധ സ്മൈല്‍ സംരംഭങ്ങള്‍ വഴിയാണ്, പ്രശസ്ത ജ്യോതിശാസ്ത്ര സംഘടനയായ അസ്ട്രോ (അസ്ട്രോനൊമക്കല്‍ സ്റ്റഡീസ്, ട്രെയിനിംഗ് ആന്റ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍) യുടെ സാങ്കേതിക സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായുള്ള ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ഭൂമിയിലെ കാഴ്ചകളോടൊപ്പം അതി മനോഹരങ്ങളായ ആകാശത്തെ ആകര്‍ഷകങ്ങളും സ്മൈല്‍ സംരംഭകര്‍ വിനോദ സഞ്ചാരികളിലെത്തിക്കും.വന്‍ നഗരങ്ങളെ അപേക്ഷിച്ച്‌ വെളിച്ച മലിനീകരണം ഇല്ലാത്തതും ഭൂമധ്യരേഖക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതും ഉത്തര മലബാര്‍ പ്രദേശങ്ങള്‍ക്ക് അസ്ട്രോ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. വെളിച്ച മലിനീകരണം ഇല്ലാത്ത ആകാശം അസ്ട്രോ ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഹോംസ്റ്റേകളിലെ ടെറസുകളിലും ടെന്റുകളിലും നക്ഷത്രങ്ങള്‍ കണ്ടുണരാനും ബീച്ചുകളിലും കായലുകളിലുമൊക്കെ ആകാശ നിരീക്ഷണ രാത്രി യാത്രകളുമൊക്കെ വിഭാവനം ചെയ്യുന്നുണ്ട്. ആകാശം, നക്ഷത്രങ്ങള്‍, നക്ഷത്രരാശികള്‍, നീഹാരിക (നെബുല)കള്‍, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹണം, ഡാര്‍ക്ക് സ്കൈ മുതലായ കാര്യങ്ങളെ കുറിച്ച്‌ കഥാ രൂപേണ ടൂറിസ്റ്റുകള്‍ക്ക് വിവരണങ്ങള്‍ നല്‍കാനും പാക്കേജുകള്‍ വികസിപ്പിക്കാനും സ്മൈല്‍ സംരംഭകര്‍ക്കുള്ള പരിശീലനങ്ങള്‍ക്ക് വ്യാഴാഴ്ച പയ്യന്നൂരില്‍ തുടക്കം കുറിച്ചു. ജ്യോതിശാസ്ത്ര രംഗത്തെ വിദഗ്ധരായ ഗംഗാധരന്‍ വെള്ളൂര്‍, കെ.ടി.എന്‍ ഭാസ്കരന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജനുവരിയില്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ തുടര്‍ പരിശീലനം നല്‍കും. തുടര്‍ന്ന് പാക്കേജുകള്‍ രൂപപ്പെടുത്തും.

Related News