Loading ...

Home Education

നീറ്റ്: ഓള്‍ ഇന്ത്യ ക്വാട്ട അര്‍ഹതയും സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയും തമ്മില്‍ ബന്ധമില്ല

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020-ന് അപേക്ഷിക്കുന്നവര്‍ നല്‍കുന്ന, 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയും ഈ ക്വാട്ടയ്ക്കുള്ള അര്‍ഹതയും തമ്മില്‍ ബന്ധമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അറിയിച്ചു. ഏത് സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി രേഖപ്പെടുത്തിയാലും എല്ലാ അപേക്ഷകര്‍ക്കും ഈ ക്വാട്ടയ്ക്ക് അര്‍ഹതയുണ്ടാകും. അതിനാല്‍ അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ (അത് 12-ാം ക്ലാസില്‍ പഠിച്ച സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ അല്ലെങ്കില്‍ പരീക്ഷാര്‍ഥിയുടെ മാതൃസംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ ആകാം) ഈ ഇനത്തിനുനേരെ പൂരിപ്പിക്കാം. എന്നാല്‍, പഴയ ജമ്മു ആന്‍ഡ് കശ്മീര്‍ സംസ്ഥാനത്തുനിന്നുമുള്ള (നിലവിലെ ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങള്‍) അപേക്ഷാര്‍ഥികള്‍ക്ക് 15 ശതമാനം അഖിലേന്ത്യാക്വാട്ടയ്ക്ക് അര്‍ഹതയില്ല. അവര്‍ ഈ ക്വാട്ടയ്ക്ക് അവകാശവാദമുന്നയിക്കുന്നപക്ഷം നിശ്ചിത, ഓണ്‍ലൈന്‍ സെല്‍ഫ് ഡിക്ലറേഷന്‍ (ഇതിന്റെ ഫോര്‍മാറ്റ് നീറ്റ് 2020 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്) നല്‍കണം. ഈ ഡിക്ലറേഷന്‍ കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്ത് എടുക്കുമ്ബോള്‍ അതിനോടൊപ്പം രൂപപ്പെടും. അത് സൂക്ഷിച്ചുവെക്കണം. കൗണ്‍സലിങ്/അഡ്മിഷന്‍ വേളയില്‍ അത് ഹാജരാക്കണം. 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള വ്യവസ്ഥകള്‍ മാത്രമാണിത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയില്‍വരുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ക്വാട്ടയ്ക്കുള്ള 'ഡൊമിസൈല്‍' വ്യവസ്ഥകള്‍, ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിന്റെ ചട്ടങ്ങള്‍ക്കനുസൃതമായിരിക്കും. കൗണ്‍സലിങ് ഘട്ടത്തില്‍ അതു നല്‍കേണ്ടതുണ്ട്. കാറ്റഗറി തിരഞ്ഞെടുക്കുമ്ബോള്‍ കേന്ദ്ര കാറ്റഗറി പട്ടികയില്‍ ഉള്‍പ്പെടാത്ത സംസ്ഥാന കാറ്റഗറി അപേക്ഷകര്‍ 'ജനറല്‍' കാറ്റഗറി തിരഞ്ഞെടുക്കണം. വിവരങ്ങള്‍ക്ക്: https://ntaneet.nic.in

Related News