Loading ...

Home youth

പൗരത്വ നിയമ ഭേദഗതി: അര്‍ധരാത്രി രാജ്ഭവന്‍ മാര്‍ച്ച്‌; കേരളത്തില്‍ ഉടനീളം വിദ്യാര്‍ഥി പ്രതിഷേധം

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹി ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. ഡല്‍ഹി ഉറങ്ങാത്ത രാത്രി കേരളവും ഉറങ്ങാതെ നിന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച മാര്‍ച്ച്‌ തടയാന്‍ പോലീസ് ശ്രമിച്ചു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തു കയറാന്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബാരിക്കേടിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി വൈ എഫ് ഐ മാര്‍ച്ചിന് പിന്നാലെ നടന്ന കെ എസ് യു മാര്‍ച്ചും സംഘര്‍ഷഭരിതമായി. ഇതിനു നേരെയും പോലീസ് ജലപീരങ്കി പ്രയാഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇന്നലെ രാത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ധരാത്രിയില്‍ എസ് എസ് എഫും തെരുവിലിറങ്ങി. കോഴിക്കോട് ടൗണില്‍ 12 മണിയോടെ റയില്‍വെ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ നേതൃത്വം നല്‍കി. മഞ്ചേരി, കൊണ്ടോട്ടി, കൊളപ്പുറം, കോട്ടക്കല്‍, വേങ്ങര, അരീക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, പട്ടാമ്ബി എന്നിവിടങ്ങളില്‍ രാത്രിയില്‍ പ്രതിഷേധം നടന്നു.

Related News