Loading ...

Home Education

യുജിസിയുടെ ദേശിയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ വരുന്നു

തിരുവനന്തപുരം : യുജിസി ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ (എന്‍എസി-- ബാങ്ക്‌) ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ എകോപനത്തിനുള്ള ഡിജിറ്റല്‍ സംവിധാനമാണ്‌ ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ വഴി ലക്ഷ്യമിടുന്നതെന്നാണ്‌ അവകാശവാദം. . വിദ്യാര്‍ഥികളുടെ അക്കാദമിക്‌ ക്രെഡിറ്റുകള്‍ കൃത്യമായി ചേര്‍ക്കുക, ഓരോ കോഴ്‌സുകളില്‍നിന്നും ലഭിക്കുന്ന ക്രെഡിറ്റുകള്‍ അക്കദമിക്‌ ക്രെഡിറ്റ്‌ ബാങ്കില്‍ സൂക്ഷിക്കുന്നതിലൂടെ അടുത്ത കോഴ്‌സ്‌ പഠിക്കാന്‍ സഹായകരമാകുമെന്നാണ്‌ യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട്‌ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്‌. . അക്കാദമിക്‌ ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനും എന്‍എസി ബാങ്ക്‌ വഴി സാധിക്കും. വിദ്യാര്‍ഥി ആദ്യം എന്‍ എ സി ബാങ്ക്‌ അക്കൗണ്ടിന്‌ അപേക്ഷിക്കണം. പുതിയ സ്കീം പരിചയപ്പെടുത്തുന്നതിനായി രാജ്യത്ത്‌ വിവിധയിടങ്ങളില്‍ വര്‍ക്‌ഷോപ്പുകള്‍ യുജിസി സംഘടിപ്പിക്കും. എന്‍എസി ബാങ്കിനെക്കുറിച്ച്‌ വിവരങ്ങള്‍ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.ugc.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 20 വരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ്‌ വിദ്യാഭ്യാസ വിദഗ്‌ധര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്‌. എന്താണ്‌ ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ അക്കാദമിക്‌ നേട്ട സൂചകങ്ങളായ ക്രെഡിറ്റുകള്‍ സൂക്ഷിക്കുന്നതാണ്‌ എന്‍എസി ബാങ്ക്‌. അക്കൗണ്ട്‌ ഉടമകള്‍ വിദ്യാര്‍ഥികളായിരിക്കും. പൂര്‍ണമായും വിദ്യാര്‍ഥി കേന്ദ്രീകൃത ഉന്നതവിദ്യാഭാസം പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങള്‍. ഓരോ വിദ്യാര്‍ഥിയുടെയും അക്കാദമിക്‌ ക്രെഡിറ്റിന്റെ കൃത്യമായ പരിശോധനയും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും എന്‍എസി ബാങ്ക്‌ ഉറപ്പ്‌ വരുത്തും. ക്രെഡിറ്റ്‌ ശേഖരണം, കൈമാറ്റം, വീണ്ടെടുക്കല്‍ എന്നിവയാണ്‌ എന്‍എസി ബാങ്ക്‌ വഴി പ്രധാനമായും ചെയ്യുന്നത്‌. സര്‍വകലാശാലകളിലെ പഠനരീതികള്‍ എകോപിപ്പിക്കുന്നതിനും എന്‍എസി ബാങ്ക്‌ സഹായിക്കുന്നു. എന്‍എസി ബാങ്കില്‍ അക്കൗണ്ടുള്ള വിദ്യാര്‍ഥിയുടെ അക്കാദമിക്‌ ക്രെഡിറ്റ്‌ അക്കൗണ്ടിലേക്ക്‌ എത്തുകയും അത്‌ വിദ്യാര്‍ഥിയ്‌ക്ക്‌ ആവശ്യമുള്ള സമയം ഉപയോഗിക്കുകയും ചെയ്യാം. ഡിഗ്രി, ഡിപ്ലോമ, മറ്റുസര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ക്കെല്ലാം ഇത്‌ ബാധകമാണ്‌. വിദ്യാര്‍ഥികളുടെ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിനും ഈ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. ഇതിനായി ദേശീയ അക്കാദമിക്‌ ഡെപ്പോസിറ്ററിയുമായി എന്‍എസി ബാങ്കിനെ ബന്ധിപ്പിച്ചുണ്ട്‌. സ്ഥാപനങ്ങള്‍ക്ക്‌ ഓരോ വിദ്യാര്‍ഥികള്‍ക്കും ലഭിച്ച അക്കാദമിക്‌ ക്രെഡിറ്റ്‌ പരിശോധിക്കുവാനും സാധിക്കും. ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക്‌ മാറുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക്‌ ക്രെഡിറ്റ്‌ അവര്‍ ചേരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും അതത്‌ കോഴ്‌സ്‌ വിഭാഗത്തിലേക്കും കൈമാറുന്നതിന്‌ സാധിക്കും.
ആദ്യഘട്ടം പിജി കോഴ്‌സുകളില്‍ മാത്രം
ആദ്യഘട്ടത്തില്‍ പിജി കോഴ്‌സുകളില്‍ മാത്രമാണ്‌ ഈ സംവിധാനം ലഭ്യമാക്കുക. പിജി കോഴ്‌സുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ പദ്ധതിയില്‍ പങ്കാളികളാകാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതുസംബന്ധിച്ച്‌ പ്രത്യേക പരിശീലനം നല്‍കും. ഇതിനായി എന്‍എസിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നടത്തിപ്പിനായി സ്‌പെഷ്യല്‍ ഗ്രൂപ്പ്‌ രൂപീകരിക്കും. പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിനായി വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്താനും യുജിസി തീരുമാനിച്ചിട്ടുണ്ട്‌.

Related News