Loading ...

Home National

പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു ; നിയമം പ്രാബല്യത്തില്‍

ഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്. എന്നാല്‍ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുകയാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ജനം തെരുവില്‍ പ്രതിഷേധിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ സമുദായക്കാര്ക്കാണ് ബില്ലിന്റെ ആനുകൂല്യം ലഭിക്കുക. ജനുവരിയില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പു മൂലം രാജ്യസഭയില്‍ അവതരിപ്പിക്കാനാകാതെ കാലഹരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭേദഗതി ചെയ്ത് വീണ്ടും അവതരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ ബില്ലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്റെ പരിധിയില്‍ വരില്ല.

Related News