Loading ...

Home National

കര്‍ണാടക: നിര്‍ണായക ഉപതിരഞ്ഞെടുപ്പ് നാളെ

ബംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നാളെ. വോട്ടുറപ്പിക്കാനുള്ള അവസാന വട്ടശ്രമങ്ങളിലാണ് പാര്‍ട്ടികള്‍. കള്ളപ്പണവും മദ്യവും ഒഴുകുന്ന ഈ ഉപതിരഞ്ഞെടുപ്പ് അതീവ സുരക്ഷയിലാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരു നഗരം ഉള്‍പ്പെട്ട 4 മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ്‌-ജെഡി-എസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം ഭരണമാറ്റത്തിന് ഇടയാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കൂടാതെ, തങ്ങളുടെ ബിജെപി വിരുദ്ധ നിലപാടിന് ജെഡി-എസ് തെല്ലും മയം വരുത്തിയിട്ടില്ല എന്നതും ഈ ഉപതിരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമാക്കുന്നു. ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് വെറും 6 സീറ്റുകള്‍ മതി. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കൂടാതെ, അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്. കൂടാതെ, അയോഗ്യരാക്കപ്പെട്ട 13 വിമതര്‍ ബിജെപിക്കായി മത്സര രംഗത്തുണ്ട്. അതേസമയം, 12 സീറ്റുകളെങ്കിലും നേടി ജെഡി-എസിനൊപ്പം ഭരണം തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ കുറഞ്ഞത്‌ 12 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ബിജെപിയിലെ ഭിന്നതയാണ്. പാര്‍ട്ടിയിലെത്തിയ വിമതര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുള്ളതായാണ് വിലയിരുത്തല്‍. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. നിലവില്‍ സാഹചര്യത്തില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ ബിജെപിയ്ക്കാണ് പിന്തുണ നല്‍കുന്നത്. സര്‍ക്കാരിന്‍റെ അംഗബലം 106 ആണ്. എന്നാല്‍ പ്രതിപക്ഷത്തിന് INC (66), JD(S) (34), BSP (1) എന്നിങ്ങനെയാണ് കക്ഷിനില. 102 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്. അധികാരം നിലനിര്‍ത്താന്‍ ബിജെപിയും, അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്‌-ജെഡി-എസ് സഖ്യവും... കര്‍ണാടക വീണ്ടും കലങ്ങിത്തെളിയുമോ? അതറിയാന്‍ ഡിസംബര്‍ 9 വരെ കാത്തിരിക്കണം.

Related News