Loading ...

Home Education

ജെഎന്‍യുവില്‍ പഞ്ചവത്സര ആയുര്‍വേദ ബയോളജി കോഴ്സ് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെ.എന്‍.യു.) പഞ്ചവത്സര എം.എസ്സി. ആയുര്‍വേദ ബയോളജി കോഴ്സ് ആരംഭിക്കുന്നു. പരമ്ബരാഗത ആയുര്‍വേദ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ളതാണ് കോഴ്സ്. 2020 ജൂലായില്‍ ആദ്യബാച്ച്‌ തുടങ്ങാനാണ് സര്‍വകലാശാലയുടെ നീക്കം. സ്‌കൂള്‍ ഓഫ് ബയോടെക്നോളജി ആന്‍ഡ് സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍, സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ്, സ്‌കൂള്‍ ഓഫ് സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് എന്നിവ ചേര്‍ന്നാണ് കോഴ്സ് നടത്തുക. കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ സഹകരണം കോഴ്സിനുണ്ടാവും. പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുക. മൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബി.എസ്‌സി. (ഓണേഴ്സ്) ബിരുദം ലഭിക്കും. ഈ ഘട്ടത്തില്‍ കോഴ്സ് അവസാനിപ്പിക്കാന്‍ അവസരമുണ്ട്. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുവര്‍ഷംകൂടി പൂര്‍ത്തിയാക്കിയാല്‍ എം.എസ്‌സി. ബിരുദത്തിന് അര്‍ഹത നേടും. ആയുര്‍വേദ വൈദ്യശാസ്ത്രത്തില്‍ നിപുണരായവരെ വാര്‍ത്തെടുക്കുകയാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ പരമ്ബരാഗത സംഗീത-നൃത്തത്തെക്കുറിച്ചുള്ള പുതിയ വകുപ്പും അടുത്തവര്‍ഷം ജെ.എന്‍.യു.വില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പിഎച്ച്‌.ഡി. കോഴ്സാണ് ഉണ്ടാവുക. പിന്നീട് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കും.

Related News