Loading ...

Home Education

സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലകളിലായി 45,000 ക്ലാസ്‌ മുറികള്‍ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവില്‍ സംസ്ഥാനത്തെ 45,000 ക്ലാസ്‌ മുറി ഹൈടെക്‌. എട്ടുമുതല്‍ പ്ലസ്‌ടുവരെയുള്ള സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലയിലുള്ള 4752 വിദ്യാലയത്തിലെ ക്ലാസ്‌മുറികളാണ്‌ ഹൈടെക്കായത്‌. ലാപ്‌ ടോപ്‌, പ്രൊജക്ടര്‍, സ്‌പീക്കര്‍, ബ്രോഡ്‌ബ്രാന്‍ഡ്‌ ഇന്റര്‍നെറ്റ്‌, ടൈലിട്ട തറ, മികച്ച സീലിങ്‌ സംവിധാനങ്ങളോടുകൂടിയാണ്‌ ഹൈടെക്‌ ക്ലാസ്‌മുറി. കിഫ്‌ബി അനുവദിച്ച 493.50 കോടി രൂപയില്‍ 348.63 കോടിയാണ്‌ ഇതുവരെ പദ്ധതിക്ക്‌ ചെലവഴിച്ചത്‌. കൈറ്റിന്റെ വെബ്‌സൈറ്റു പ്രകാരം ശനിയാഴ്‌ചവരെ തിരുവനന്തപുരം-3712, കൊല്ലം-3557, പത്തനംതിട്ട-1659, ആലപ്പുഴ- 2736, കോട്ടയം-2640, ഇടുക്കി-1574, എറണാകുളം-3518, തൃശൂര്‍-3909, പാലക്കാട്‌- 3843, മലപ്പുറം- 6112, കോഴിക്കോട്‌- 4454, വയനാട്‌-1327, കണ്ണൂര്‍-3619, കാസര്‍കോട്‌-2053 ക്ലാസ്‌മുറിയാണ്‌ ഹൈടെക്കായത്‌. സര്‍ക്കാര്‍വിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലാക്കാന്‍ ലക്ഷ്യമിട്ട മികവിന്റെ കേന്ദ്രം പരിപാടിയില്‍ ഇടം പിടിച്ച 137 വിദ്യാലയങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാലയങ്ങളാണ്‌ ഇതില്‍ ഉള്‍പ്പെട്ടത്‌. ഹൈടെക്‌ ക്ലാസ്‌ റൂം, ആധുനിക ലാബ്‌, ഹാള്‍, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും. ഒരോന്നിനും അഞ്ച്‌ കോടി രൂപവീതം 140 നിയമസഭാ മണ്ഡലത്തിലും ഒരു സ്‌കൂളാണ്‌ പദ്ധതിയിലുണ്ടാവുക. 221 വിദ്യാലയത്തിന്‌ അടിസ്ഥാന സൗകര്യവികസനത്തിന്‌ മൂന്ന്‌ കോടി രൂപവീതവും അനുവദിക്കുന്നു. കൂടാതെ, ഇന്‍കല്‍വഴി 166 വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നുണ്ട്‌. 500 മുതല്‍ 1000 വിദ്യാര്‍ഥികള്‍വരെ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക്‌ ഒരു കോടി രൂപയും അനുവദിക്കുന്നു. 446 സ്‌കൂളാണ്‌ ഗുണഭോക്താക്കള്‍. എയ്‌ഡഡ്‌ സ്‌കൂളിലെ നിര്‍മാണ പ്രവൃത്തിക്ക്‌ ചലഞ്ച്‌ ഫണ്ട്‌ നല്‍കാനും തീരുമാനിച്ചു. എല്‍പി, യുപി സ്‌കൂളുകള്‍ക്ക്‌ 25 ലക്ഷം രൂപയാണ്‌ നല്‍കുക. ഇരുവിഭാഗവുമുണ്ടെങ്കില്‍ പരമാവധി 40 ലക്ഷം നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക്‌ 40 ലക്ഷം രൂപ വീതവും രണ്ടും ചേര്‍ന്നതാണെങ്കില്‍ പരമാവധി 50 ലക്ഷവും ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക്‌ ലാബ്‌ പദ്ധതിയുമൊരുങ്ങുന്നു.

Related News