Loading ...

Home National

ശബരിമലയ്ക്കായി നാലാഴ്ചയ്ക്കകം നിയമ നിര്‍മാണം നടത്തണം; സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിന് ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക നിയമം നിര്‍മിക്കണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമ നിര്‍മാണം നടത്തണം. ജനുവരി മൂന്നാംവാരം പുതിയ നിയമം ഹാജരാക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മിക്കണമെന്ന് ഓഗസ്റ്റ് 27ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്ന്, പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഓര്‍മിപ്പിച്ചു. പ്രത്യേക നിയമത്തിനു പകരം തിരുവിതാകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതു മതിയായ നടപടിയല്ല. ശബരിമലയ്ക്കു മാത്രമായി പ്രത്യേക നിയമം വേണം- ബെഞ്ച് നിര്‍ദേശിച്ചു. ഹിന്ദുമതസ്ഥാപന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം ക്ഷേത്ര ഉപദേശക സമിതികളില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിയമ പ്രശ്‌നം സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിക്കു വിധേയമായിരിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. ഏഴംഗ ബെഞ്ചിന്റെ വിധി യുവതീപ്രവേശനത്തിന് എതിരാണെങ്കില്‍ എങ്ങനെ ഈ വ്യവസ്ഥ നടപ്പാവുമെന്ന് കോടതി ചോദിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി യുവതീ പ്രവേശനം വിലക്കുകയാണെങ്കില്‍ അന്‍പതു വയസിനു മുകളിലുള്ള സ്ത്രീകളെയായിരിക്കും ക്ഷേത്ര ഉപദേശക സമിതികളില്‍ ഉള്‍പ്പെടുത്തുകയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ലിംഗനീതി ഉറപ്പാക്കുന്നതിനാണ് ക്ഷേത്ര ഉപദേശക സമിതികളില്‍ സ്ത്രീകള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വര്‍ഷം അന്‍പതു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

Related News