Loading ...

Home Business

വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്ടിയിലെ പുത്തന്‍ പരിഷ്‌കാരം; മാറ്റം പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികള്‍ക്കു വന്‍ ബാധ്യത ഉണ്ടായേക്കും

കൊച്ചി∙ ജിഎസ്ടി ചട്ടത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ വ്യാപാരികള്‍ക്കു വലിയ നഷ്ടമുണ്ടാക്കുന്നു. കഴിഞ്ഞ മാസം ഉള്‍പ്പെടുത്തിയ 36 (4) ചട്ടമാണ് വ്യാപാരികള്‍ക്കു ബാധ്യതയാകുന്നത്. ചരക്ക് സപ്ലൈ ചെയ്തയാള്‍ വില്‍പനയുടെ വിവരങ്ങള്‍ റിട്ടേണില്‍ അപ്‌ലോഡ് ചെയ്യാതിരുന്നാല്‍, ചരക്കു വാങ്ങിയ വ്യാപാരിക്കു കിട്ടുന്നത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ആശ്വാസത്തുക എന്ന നിലയില്‍ അതിന്റെ 20% തുകയും കൂടി മാത്രമായിരിക്കുമെന്ന് പ്രമുഖ ജിഎസ്ടി അനലിസ്റ്റും ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസ്ഡന്റുമായ പി. വെങ്കിട്ടരാമ അയ്യര്‍ പറയുന്നു.
പുതിയ മാറ്റം നടപ്പായാല്‍
വ്യാപാരികള്‍ക്കു കോടിക്കണക്കിനു രൂപയുടെ ബാധ്യതയുണ്ടാകും. ഉദാഹരണത്തിന്, ഒരു വ്യാപാരിക്കു കഴിഞ്ഞ മാസം 10 ലക്ഷം രൂപ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആയി ലഭിക്കാനുണ്ട്. വ്യാപാരിയുടെ കൈയില്‍ ഇതിനുള്ള ബില്ലുകളുമുണ്ട്. ടാക്സ് ഉള്‍പ്പെടെയുള്ള ബില്‍ തുക നല്‍കിയിട്ടുമുണ്ട്. ഇതില്‍ 6 ലക്ഷം രൂപയുടെ നികുതി സംബന്ധിച്ച വിവരങ്ങള്‍ മാത്രമേ, വില്‍പന നടത്തിയ വ്യാപാരികള്‍ ജിഎസ്ടിആര്‍1 ല്‍ റിട്ടേണ്‍ നല്‍കിയുള്ളൂ എങ്കില്‍ ചരക്കു വാങ്ങിയ വ്യാപാരിക്ക് 6 ലക്ഷവും അതിന്റെ 20 ശതമാനമായ 1,20,000 രൂപ കൂടി മാത്രമേ, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആയി എടുക്കാനാകൂ. അതായത്, 10 ലക്ഷം രൂപ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കേണ്ടപ്പോള്‍ കിട്ടുന്നത് 7,20,000 രൂപ. വില്‍പന നടത്തിയ വ്യാപാരി ജിഎസ്ടിആര്‍ ആര്‍ റിട്ടേണില്‍ പിന്നീട് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാലും ബാക്കി ക്രെഡിറ്റ് ലഭിക്കുന്നതിനായി, അടുത്ത മാസം 20 വരെ കാത്തിരിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു നികുതി നല്‍കി വാങ്ങിയ ചരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാമാസവും 11ന് മുന്‍പ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തെറ്റുകള്‍ വന്നാലും ഇത്തരത്തില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കപ്പെടും. ഫലത്തില്‍, വില്‍പന നടത്തിയ വ്യാപാരി തന്റെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടോ, അതില്‍ താന്‍ ചരക്കു വാങ്ങിയപ്പോള്‍ ലഭിച്ച ടാക്സ് ഇന്‍വോയ്സ് വിവരങ്ങള്‍ വില്‍പന നടത്തിയ വ്യാപാരി ചേര്‍ത്തിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടത് ചരക്കു വാങ്ങിയ വ്യാപാരിയുടെ ഉത്തരവാദിത്തമായി മാറും. ഇത് നികുതിയടവു കൂടുതല്‍ സങ്കീര്‍ണമാക്കും. നികുതിയടയ്ക്കുന്നവര്‍ക്കു പീഡനം നാമമാത്രമായ വെട്ടിപ്പുകള്‍ നടന്നതിന്റെ പേരിലാണ് രാജ്യത്തെ നികുതിയടയ്ക്കുന്ന വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്നത്. 2019 ജൂലൈ ഒന്നിലെ കണക്കനുസരിച്ച്‌, 1,38,38,971 പേര്‍ ജിഎസ്ടി റഗുലര്‍ റജിസ്ട്രേഷന്‍ എടുത്തിട്ടുണ്ട്. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍, 1620 കേസുകളിലായി 11,251.23 കോടിയുടെ വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്. 2018-19 ലെ ആകെ ജിഎസ്ടി വരവ് 11,77,459 കോടി രൂപയാണ്. റജിസ്ട്രേഷന്‍ എടുത്ത വ്യാപാരികളില്‍ 0.00117 ശതമാനം വ്യാപാരികളാണ് വ്യാജ രേഖകള്‍ ചമച്ച്‌ തട്ടിപ്പു നടത്തിയത്. 12 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം സര്‍ക്കാരിനു നല്‍കിയ വ്യാപാരികള്‍ക്കാണ് ഇന്‍പുട്ട് ക്രെഡിറ്റിന്റെ പൂര്‍ണമായ അവകാശം നിഷേധിക്കപ്പെടുന്നത്.

Related News