Loading ...

Home National

അയോധ്യ ക്ഷേത്രനിര്‍മ്മാണം മൂന്ന് മാസത്തിനകം തന്നെ തുടങ്ങും: ട്രസ്റ്റ് രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി,

അയോധ്യയിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി ആരംഭിക്കും. ആഭ്യന്തര മന്ത്രാലയം ചുക്കാന്‍ പിടിക്കുന്ന നടപടികള്‍ക്കായി മന്ത്രിമാരുടെ സമിതിയെ നിയോഗിക്കണോ എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ആലോചനയിലാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായും കൂടിയാലോചനകളുണ്ടാകും. കേന്ദ്രത്തിനു പിന്തുണയുമായി മതനേതാക്കളുടെ യോഗം ചേരും.തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തിന്റെ രൂപീകരണം, തര്‍ക്കഭൂമിയില്‍ ഉള്‍പ്പെടാത്ത പ്രദേശം എന്തു ചെയ്യണമെന്ന തീരുമാനം,വഖഫ് ബോര്‍ഡിനുള്ള 5 ഏക്കര്‍ ഭൂമി സംബന്ധിച്ച തീരുമാനം എന്നിവയാണ് സര്‍ക്കാരിന് ചെയ്യാനുളളത്. അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകള്‍ പ്രകാരമുള്ള അധികാരമുപയോഗിച്ച്‌ ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിര്‍ദേശം. നിയമപ്രകാരം, തര്‍ക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തിനു കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനാകും. തര്‍ക്കഭൂമി നിലവിലെ രീതിയില്‍ നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഭൂമി കൈമാറുമ്ബോള്‍ വ്യവസ്ഥകള്‍ നിര്‍ദേശിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു ക്ഷേത്ര നിര്‍മാണത്തിനുള്ള അധികാരമുള്‍പ്പെടെ ട്രസ്റ്റിനു നല്‍കണമെന്ന കോടതി നിര്‍ദേശമെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്. അപ്പോഴും ഭൂമിയുടെ തല്‍സ്ഥിതി തുടരുന്നതു സംബന്ധിച്ച വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതു പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്രസ്റ്റ് രൂപീകരിക്കാനാണു തീരുമാനമെങ്കില്‍, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 4 വീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍.കെ.അഡ്വാനി തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. അയോധ്യയിലെ തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, ബാക്കിയുള്ളവരെ കേന്ദ്രത്തിനു തീരുമാനിക്കാം. സ്വാഭാവികമായും, രാമജന്മഭൂമി ന്യാസിന്റെ പ്രാതിനിധ്യം പ്രതീക്ഷിക്കാം. രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുകയെന്നാണ് സൂചന. ശിലാസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്‌പിയുടെ നേതൃത്വത്തില്‍ മുമ്ബ് ശിലാസ്ഥാപനം നടത്തിയിരുന്നു.വിഎച്ച്‌പി മുമ്ബ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കും. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്ബ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. ആര്‍കിടെക്‌ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി തൂണുകളും ശില്‍പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്ന് ശില്‍പികള്‍ വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് മുമ്ബാണ് തൊഴിലാളികളെ തിരിച്ചയച്ചത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തൊഴിലാളികളെ അയോധ്യയിലെത്തിക്കും.

Related News