Loading ...

Home National

'അമ്മ' വിളിച്ചു; 50 യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സമാധാനം തിരികെക്കൊണ്ടുവരാന്‍ സൈന്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി അമ്ബതോളം യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചെന്ന് ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു. ചിനാര്‍ കോര്‍ ആരംഭിച്ച 'അമ്മ' പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്. ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേരും ആദ്യ ആഴ്ചതന്നെ കൊല്ലപ്പെടും. ഒരുവര്‍ഷംകൊണ്ട് 64 ശതമാനംപേര്‍ മരിക്കും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോടു പറഞ്ഞു. ഇതിന്റെ ഫലം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാണാതായ യുവാക്കളുടെ അച്ഛനമ്മമാരുടെ സന്ദേശവും ധില്ലന്‍ വാര്‍ത്താലേഖകരെ കാണിച്ചു. ഇവര്‍ കശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ മാനുഷിക പ്രവൃത്തികളോട് ബഹുമാനമുള്ളവരാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ആരുടേയും മേല്‍വിലാസം വെളിപ്പെടുത്തിയില്ല.

Related News