Loading ...

Home Kerala

കെ എ എസിന്റെ പി എസ് സി വിജ്ഞാപനമായി; ഡിസംബര്‍ നാലുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: ( 02.11.2019) സംസ്ഥാനത്തിന്റെ സ്വന്തം സിവില്‍ സര്‍വീസായ കേരള ഭരണ സര്‍വീസി(കെ എ എസ്)ന് പി എസ് സി വിജ്ഞാപനമായി. ഡിസംബര്‍ നാലിന് രാത്രി 12 മണിവരെ അപേക്ഷിക്കാം. കെ എ എസ് ഓഫീസര്‍ ജൂനിയര്‍ ടൈം സ്‌കെയില്‍ ട്രെയിനി എന്നപേരില്‍ മൂന്ന് ധാരകളിലാണ് വിജ്ഞാപനം.ബിരുദമാണ് അടിസ്ഥാന യോഗ്യത. ആദ്യ കാറ്റഗറിക്ക് 32 വയസ്സും രണ്ടാം കാറ്റഗറിക്ക് 40 വയസ്സും മൂന്നാം കാറ്റഗറിക്ക് 50 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് നാലുശതമാനം സംവരണം ലഭിക്കും. വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും നിലവിലുള്ള ഇളവുകള്‍ തുടരും. ഒന്നിലധികം ധാരകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. നേരിട്ടുള്ള നിയമനമാണ് ആദ്യ ധാര (കാറ്റഗറി നമ്ബര്‍ 186/2019). സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാര്‍ക്കുള്ളതാണ് രണ്ടാംധാര (കാറ്റഗറി 187/2019). ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്കാണ് മൂന്നാംധാര (കാറ്റഗറി 188/2019).
പ്രതീക്ഷിത ഒഴിവുകളെന്നാണു പറഞ്ഞിട്ടുള്ളത്. നൂറിലേറെ ഒഴിവുകളുണ്ടാകും. ഒരു വര്‍ഷമാണ് റാങ്ക്പട്ടികയുടെ കാലാവധി. റാങ്ക്പട്ടിക അടുത്ത കേരളപ്പിറവിദിനത്തില്‍ പ്രസിദ്ധീകരിക്കാനാകുമെന്ന് പി എസ് സി അറിയിച്ചു.
മൂന്നുഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ പ്രാഥമികപരീക്ഷ 2020 ഫെബ്രുവരിയില്‍ നടക്കും. രണ്ടാംഘട്ടമായി വിവരാണത്മക പരീക്ഷയും മൂന്നാംഘട്ടമായി അഭിമുഖവും ഉണ്ട്. ഇവയുടെ സമയം വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല. മുഖ്യപരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കുമെങ്കിലും മലയാളത്തിലും ഉത്തരമെഴുതാം.

സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന രീതിയില്‍ പ്രാഥമികപരീക്ഷയ്ക്ക് മലയാളത്തില്‍കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് വിജ്ഞാപനത്തിലുണ്ട്. മലയാളത്തില്‍ സാങ്കേതികപദങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചിട്ടുള്ള സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് മലയാളത്തില്‍കൂടി ചോദ്യമുണ്ടാകാനിടയില്ല.

Related News