Loading ...

Home Business

മത്സരം മുറുകി: എല്‍ഇഡി ബള്‍ബുകളുടെ വില 25 ശമതാനംവരെ ഇടിഞ്ഞു

മുംബൈ: മത്സരത്തെതുടര്‍ന്ന് എല്‍ഇഡി ബള്‍ബുകളുടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഒരുവര്‍ഷത്തിനിടെ 20 മുതല്‍ 25 ശതമാനംവരെയാണ് വിലയില്‍ ഇടിവുണ്ടായത്. സിസ്‌ക, ഹാവെല്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്‌ട്രിക്കല്‍സ്, ബജാജ് ഇലക്‌ട്രിക്കല്‍സ്, സൂര്യ റോഷ്‌നി, ഫിലിപ്‌സ് തുടങ്ങിയ കമ്ബനികള്‍ക്കാണ് ഈമേഖലയില്‍ ആധിപത്യമുള്ളത്. വില കുറഞ്ഞതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വരുമാനത്തിലും കുറവുണ്ടായി. ഉദാഹരണത്തിന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്‌ട്രിക്കലിന്റെ ലൈറ്റിങ് ബിസിനസില്‍ 3.9 ശതമാനം വരുമാനം കുറഞ്ഞു. വിപണിയില്‍നിന്നുള്ള സമ്മര്‍ദംമൂലം എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ ഇനിയും കുറവുണ്ടായേക്കാമെന്നാണ് കമ്ബനി നല്‍കുന്ന സൂചന. ഹാവെല്‍സിന്റെ വരുമാനത്തില്‍ രണ്ടുശതമാനം ഇടിവാണുണ്ടായത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഈ വിഭാഗത്തിലെ കമ്ബനിയുടെ വരുമാനം 280 കോടിയായാണ് കുറഞ്ഞത്. അസംഘടിതമേഖലയില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണം വ്യാപകമായതോടെയാണ് പ്രധാനമായും വിലകുറയാന്‍ ഇടയാക്കിയത്. 7,000 കോടി മൂല്യമുള്ളതാണ് ഈ വിഭാഗത്തിലെ വിപണി. ഇതിലേറെയും എല്‍ഇഡിയാണ് ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന ഉജ്ജ്വല പദ്ധതിയാണ് രാജ്യത്തൊട്ടാകെ എല്‍ഇഡി വിപ്ലവം വ്യാപിപ്പിക്കാന്‍ സഹായിച്ചത്. അന്ന് 150-160 രൂപ വിലയുണ്ടായിരുന്ന എല്‍ഇഡി ബള്‍ബിന് 80 രൂപ നിലവാരത്തിലേയ്ക്ക് വിലയിടിയാന്‍ ഇടയാക്കിയത് ഈ പദ്ധതിയാണ്. ഇപ്പോള്‍ ശരാശരി 60 രൂപ നിലവാരത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ വിപണിയിലുണ്ട്. 150 മില്യണ്‍ സിഎഫ്‌എല്‍ ബള്‍ബുകള്‍ നിര്‍മിക്കുന്ന സ്ഥാനത്ത് 470 മില്യണ്‍ എല്‍ഇഡി ബള്‍ബുകളാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഇപ്പോള്‍ നിര്‍മിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള വില്പനയും വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒന്നിലധികം ബള്‍ബുകളുള്ള പായ്ക്കുകളായാണ് കമ്ബനികള്‍ ഓണ്‍ലൈനില്‍ വില്പന നടത്തുന്നത്. വരുമാനം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗംകൂടിയായാണ് ഇത്തരത്തിലുള്ള വില്പന.

Related News