Loading ...

Home Kerala

ന്യൂനമര്‍ദ്ദം: 3 ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. കൂടാതെ, കേരളത്തില്‍ 3 ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന്‍ ലക്ഷദ്വീപില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ന്യൂനമര്‍ദ്ദത്തിന്‍റെ സഞ്ചാരപദത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല എങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദ്ദ൦ കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തുത്തുടര്‍ന്ന് ഇന്ന് ലക്ഷദ്വീപിലും കേരള തീരത്തും അതി ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത. മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related News